അബ്രാഹ്മണ പൂജാരിമാരുടെ നിയമനം; ബ്രാഹ്മണ പൂജാരിമാരെ പിരിച്ചുവിടാന്‍ നീക്കമെന്ന് വ്യാജപ്രചാരണം
ചെന്നൈ: തമിഴ്‌നാട്ടില്‍ അബ്രാഹ്മണ പൂജാരിമാരുടെ നിയമനത്തിനെതിരേ വ്യാജപ്രചാരണം വ്യാപകം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചാരണം നടക്കുന്നത്. അബ്രാഹ്മണ പൂജാരിമാരെ നിയമിക്കുന്നതിനുവേണ്ടി ബ്രാഹ്മണ പൂജാരിമാരെ പിരിച്ചുവിടുന്നെന്നാണ് പ്രധാനമായി പ്രചരിപ്പിക്കപ്പെടുന്നത്.
58 അബ്രാഹ്മണരെ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി സ്റ്റാലിന്‍ സര്‍ക്കാര്‍ നിയമിച്ചിരുന്നു.
യാഥാസ്ഥിതികര്‍ ബോധപൂര്‍വം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും പുതിയ പൂജാരിമാരെ നിയമിക്കുന്നതിനുവേണ്ടി ആരെയും പുറത്താക്കില്ലെന്നും ഹിന്ദു റിലീജിയസ് ചാരിറ്റബില്‍ എന്‍ഡൗമെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ബാബു ഉത്തരവില്‍ വ്യക്തത വരുത്തി.
ഇപ്പോള്‍ നടക്കുന്ന കാംപയിന്‍ തെറ്റാണെന്നും സര്‍ക്കാരിന്റെ നടപടികളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.
അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ചതുവഴി പെരിയോറിന്റെ ചങ്കില്‍ തറച്ച മുള്ള് എടുത്തുമാറ്റുയായിരുന്നെന്നും മറ്റ് സമുദായങ്ങളില്‍ നിന്നുള്ളവരെ പൂജാരിമാരായി നിയമിക്കുന്നതിനുള്ള നടപടി കരുണാനിധി സര്‍ക്കാരാണ് തുടങ്ങിവച്ചതെന്നും അതാണ് തന്റെ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ എല്ലാവര്‍ക്കും നിയമന ഉത്തരവ് നല്‍കി. അത് ദഹിക്കാത്തവരാണ് ഇപ്പോള്‍ കുപ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്. ഞാന്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
