നിയമനഅട്ടിമറി: യുഡിഎഫ് യുവാക്കളെ ഇളക്കിവിടുന്നുവെന്നത് അധികാരം തലയ്ക്കുപിടിച്ചവരുടെ കുപ്രചാരണമെന്ന് ചെന്നിത്തല

Update: 2021-02-09 06:55 GMT

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം പ്രതിപക്ഷം കുത്തിയിളക്കി വിടുന്നതാണ് എന്ന മന്ത്രി തോമസ് ഐസക്കിന്റെ ആരോപണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണം തലയ്ക്കു പിടിച്ചത് കൊണ്ടാണ് തോമസ് ഐസക്കിന് ഇപ്പോള്‍ സമരങ്ങളോട് പുച്ഛവും അലര്‍ജിയും തുടങ്ങിയത്. ഒരു കമ്യൂണിസ്റ്റ് മന്ത്രിക്ക് ചേര്‍ന്ന നിലപാടല്ല ഈ വിഷയത്തില്‍ ഐസക്കിന്റേത്. സമരം ചെയ്യുന്ന കര്‍ഷകരെ 'സമരജീവികള്‍'' എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന നരേന്ദ്ര മോദിയും പി എസ് സി ഉദ്യോഗാര്‍ഥികളുടെ സമരം യുഡിഎഫ് ഗൂഢാലോചനയാണെന്ന് പറയുന്ന തോമസ് ഐസക്കും തമ്മിലെന്ത് വ്യത്യാസമെന്നും ചെന്നിത്തല ചോദിച്ചു.

പഠിച്ചു പാസായി കഷ്ടപ്പെട്ട് പിഎസ്‌സി ലിസ്റ്റില്‍ കയറുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാതെ വരുമ്പോള്‍ അവര്‍ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണ്. നീതി ലഭിക്കാനുള്ള അവരുടെ പോരാട്ടത്തെ ഞങ്ങള്‍ അനുകൂലിച്ചതില്‍ എന്താണ് തെറ്റ്. ആ സമരം യു ഡി എഫ് ഇളക്കി വിടുന്നതാണ് എന്ന ഐസക്കിന്റെ വാക്കുകള്‍ അധികാരം തലയ്ക്ക് പിടിച്ച ഭരണാധികാരിയുടെ ജല്പനങ്ങള്‍ മാത്രമാണ്.

മൂന്ന് ലക്ഷം പിന്‍വാതില്‍ നിയമനം നടത്തിയ നാണം കെട്ട സര്‍ക്കാരാണിത്. മണ്ണെണ്ണയൊഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രതിഷേധിക്കേണ്ടി വരുന്ന കേരളത്തിലെ യുവാക്കളുടെ ഹൃദയവികാരം മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഒരു കമ്മ്യൂണിസ്റ്റുകാരനും ന്യായമായ ജോലി കിട്ടുന്നതിന് ഞങ്ങള്‍ എതിരല്ല. ചട്ടങ്ങളും നിയമങ്ങളും മറികടന്നു പിന്‍വാതിലിലൂടെ നടക്കുന്ന നിയമനങ്ങളെയാണ് എതിര്‍ക്കുന്നത്. കേരളത്തിലെ യുവാക്കള്‍ക്ക് നീതി ലഭിക്കും വരെ യു ഡി എഫ് ഈ സമരത്തെ പിന്തുണയ്ക്കും. ഭരണത്തിലെത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ താല്പര്യം സംരക്ഷിക്കുന്ന നിയമം കൊണ്ടുവരികയും ചെയ്യും. ഒഴിവുവരുന്ന തസ്തികകള്‍ പൂഴ്ത്തിവയ്ക്ക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുമെന്നും അദ്ദേഹം പറഞ്ഞു.