സംസ്ഥാന ഭരണഭാഷാ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Update: 2022-07-29 13:34 GMT

തിരുവനന്തപുരം: വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഭരണഭാഷാപുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക ഭാഷ മലയാളമാക്കുകയെന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം നല്‍കുന്നത്.

പ്രസ്തുത മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിവരുന്ന ക്ലാസ് 1, 2, 3 വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും, ക്ലാസ് 3 വിഭാഗം ടൈപ്പിസ്റ്റ്/ കമ്പ്വൂട്ടര്‍ അസിസ്റ്റന്റ് / സ്‌റ്റെനോഗ്രാഫര്‍മാര്‍ക്കും സംസ്ഥാനതല ഭരണഭാഷാപുരസ്‌കാരങ്ങളും, ക്ലാസ്3 വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ജില്ലാതല ഭരണഭാഷസേവനപുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗം ഉദ്യോഗസ്ഥരെയും പരിഗണിച്ച് സംസ്ഥാനതലത്തില്‍ ഭരണഭാഷാഗ്രന്ഥരചനാപുരസ്‌കാരവും നല്‍കുന്നുണ്ട്.

ഏറ്റവും മികച്ച ഭാഷാമാറ്റം കൈവരിക്കുന്ന ജില്ലയ്ക്കും വകുപ്പിനും പ്രത്യേകപുരസ്‌കാരവും നല്‍കുന്നുണ്ട്.ഭരണഭാഷാ സേവനപുരസ്‌കാരം(സംസ്ഥാനതലം), ഗ്രന്ഥരചനാപുരസ്‌കാരം എന്നിവയ്ക്ക് ഒന്നാം സമ്മാനമായി 20,000 രൂപയും സത്സേവനരേഖയും ഫലകവും, രണ്ടാം സമ്മാനമായി 10,000 രൂപയും സത്സേവനരേഖയും ഫലകവും നല്‍കുന്നതാണ്. മ

ികച്ച വകുപ്പിന് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും, ഏറ്റവും മികച്ച ജില്ലയ്ക്ക് 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും പുരസ്‌കാരമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജില്ലാതലഭരണ ഭാഷാപുരസ്‌കാരമായി 10,000 രൂപയും സത്സേവനരേഖയും ഒരാള്‍ക്ക് നല്‍കുന്നതാണ്.

നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ നിബന്ധനകള്‍ പ്രകാരം ഓഫിസ് തലവന്റെ പരിശോധനക്കുറിപ്പും ശിപാര്‍ശയും സഹിതം ആഗസ്റ്റ് 31നകം ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, സെക്രട്ടേറിയറ്റ്, അനക്‌സ് 1, തിരുവനന്തപുരം എന്ന വിലാസത്തിലും ജില്ലാതലഭരണഭാഷാസേവന പുരസ്‌കാരത്തിനായുള്ള അപേക്ഷകള്‍ അതതു ജില്ലാകളക്ടര്‍മാര്‍ക്കും ലഭ്യമാക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712518563, 2518831, 2518792, www.kerala.gov.in, gossary.kerala.gov.in.