സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള എ.പി.ജെ. അബ്ദുല്‍ കലാം അവാര്‍ഡ് ആബിദ് തറവട്ടത്തിന്

Update: 2020-10-12 13:06 GMT

മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗിന്റെ റിസോഴ്‌സ് എന്‍.ജി.ഒ. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ റിസര്‍ച്ച് സൊസൈറ്റി മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എമിനന്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡിന് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ മലപ്പുറം അരീക്കോട് സ്വദേശി ആബിദ് തറവട്ടത്തിനെ തിരഞ്ഞെടുത്തു. സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തനത്തിന് വിദ്യാര്‍ത്ഥികളെ ഒരുക്കിയെടുക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീമിലെ മുന്‍കാല പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രചോദന ക്ലാസുകളും നിരവധി സന്നദ്ധ രക്തദാനങ്ങളും അടക്കം വിവിധ മേഖലയിലെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ പരി​ഗണിച്ചാണ് സാഗി സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ ജബ്ബാര്‍ അഹമദിന്റെ അധ്യക്ഷതയിലുള്ള ജൂറി ആബിദിനെ തിരഞ്ഞെടുത്തത്. 

ഇന്ത്യയിലെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ക്കുള്ള ഇന്ദിരാഗാന്ധി എന്‍.എസ്.എസ് ദേശീയ പുരസ്‌കാരം, കേരള സംസ്ഥാന ഗവണ്‍മെന്റിന്റെ സദ് സേവന രേഖ, എന്‍.എസ്.എസ്. സംസ്ഥാന ഗവ. അവാര്‍ഡ്, മാനവീയം അവാര്‍ഡ്, ബെസ്റ്റ് ബ്ലഡ് ഡൊണേഷന്‍ മോട്ടിവേറ്റര്‍ അവാര്‍ഡ് തുടങ്ങീ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജന്‍മദിനമായ ഒക്ടോബര്‍ 15 ന് തൃശൂര്‍ - പുതുക്കാടുള്ള ഐ.സി.സി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് വിതരണം ചെയ്യുമെന്ന് എസ്.ആര്‍.എസ്. ചെയര്‍മാന്‍ പ്രൊഫ. ഡോ. നിസാം റഹ്‌മാന്‍ അറിയിച്ചു.

Tags:    

Similar News