കൊച്ചി: തൊണ്ടിമുതല്‍ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീലുമായി മുന്‍ മന്ത്രി ആന്റണി രാജു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ആന്റണി രാജുവിന്റെ ഹരജി തള്ളിയിരുന്നു. ഇതിനെതിരേയാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരനെന്ന കോടതി വിധി മരവിപ്പിച്ചാല്‍ എംഎല്‍എ സ്ഥാനം തിരിച്ചുകിട്ടുകയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അയോഗ്യത മാറികിട്ടുകയും ചെയ്യും. ഇത് ലക്ഷ്യംവെച്ചാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷാവിധിയെത്തുടര്‍ന്ന് ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായി അയോഗ്യനാക്കപ്പെട്ടിരുന്നു. മജിസ്ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ കോടതി റദ്ദാക്കിയാല്‍ ആന്റണി രാജുവിന് എംഎല്‍എയായി തിരികെയെത്താമായിരുന്നു. കേസില്‍ ഇക്കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു ആന്റണി രാജുവിന് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ആന്റണി രാജുവിന് ലഭിച്ച ശിക്ഷ. കുറ്റപത്രം നല്‍കി 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്.
ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിനെതിരായ കുറ്റം. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി പിടിയിലായിരുന്നു. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്ന സര്‍വലിയുടെ അടിവസ്ത്രത്തില്‍ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതിയിലെ ക്ലര്‍ക്കായിരുന്ന കെ എസ് ജോസും ചേര്‍ന്ന് കൃത്രിമം കാണിച്ചെന്നതാണ് കുറ്റം.
'തന്റെ കക്ഷിയെ രക്ഷിക്കാന്‍ ആന്റണി രാജു കൃത്രിമം നടത്തി. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് കുറ്റം ചെയ്തത്. പ്രതികളുടെ പ്രവൃത്തി കേവലം ഒരു ക്രമക്കേടല്ല. നീതിയുടെ ഗതിയെ ബോധപൂര്‍വം തടസപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്' എന്നാണ് കോടതി വിധിപ്പകര്‍പ്പില്‍ പറഞ്ഞത്. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും അന്ന് നീതിന്യായ വ്യവസ്ഥയുടെ പരാജയമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
