സ്ത്രീവിരുദ്ധ ആചാരം: ഷിര്‍ദ്ദി സായി ക്ഷേത്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച്; തൃപ്തി ദേശായി അറസ്റ്റില്‍

Update: 2020-12-11 12:56 GMT

പൂനെ: ഷിര്‍ദ്ദി സായി ക്ഷേത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശമുള്ള ബോര്‍ഡ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച് നടത്തിയ തൃപ്തി ദേശായിയും സഹപ്രവര്‍ത്തകരും അറസ്റ്റില്‍. കഷേത്രത്തിലെത്തുന്ന സ്ത്രീകള്‍ മാന്യവും ഇന്ത്യന്‍ സംസ്‌കാരത്തിനനുയോജ്യവുമായ വസ്ത്രം ധരിക്കണമെന്ന മുന്നറിയിപ്പു ബോര്‍ഡിനെതിരേയാണ് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധമാര്‍ച്ച് നടത്തിയത്.

ക്ഷേത്ര ഭാരവാഹികള്‍ ബോര്‍ഡ് നീക്കം ചെയ്തില്ലെങ്കില്‍ താനും സഹപ്രവര്‍ത്തകരും ഡിസംബര്‍ 10ാം തിയ്യതി ക്ഷേത്രത്തിലെത്തി ബോര്‍ഡ് നീക്കം ചെയ്യുമെന്ന് തൃപ്തി ദേശായി അംഗമായ ഭൂമാതാ ബ്രിഗേഡ് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.

ക്രമസമാധാന നില പരിഗണിച്ച് ഡിസംബര്‍ 8 മുതല്‍ 11ാം തിയ്യതി അര്‍ധരാത്രിവരെ അഹമ്മദ്‌നഗറിലെ ഷിര്‍ദ്ദി ക്ഷേത്രത്തിലേക്ക് പ്രവേശിക്കരുതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഗോവിന്ദ് ഷിന്‍ഡെ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് മറികടന്നാണ് ദേശായിയും ഭൂമാതാ ബ്രിഗേഡ് അംഗങ്ങളായ ഇരുപതോളം സഹപ്രവര്‍ത്തകരും പൂനെയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.

ബോംബെ പോലിസ് നിയമത്തിലെ 68ാം വകുപ്പ് പ്രകാരം പൂനെ അഹമ്മദ്‌നഗര്‍ ഹൈവേയിലെ സൂപ്പര്‍ ഗ്രാമത്തിനടുത്ത് വച്ച് 15 മുതല്‍ 16 വരെ അംഗങ്ങളുമായി ഞങ്ങള്‍ ദേശായിയെ കസ്റ്റഡിയിലെടുത്തതായി അഹമ്മദ്‌നഗര്‍ എസ്പി മനോജ് പാട്ടീല്‍ പറഞ്ഞു.

ഷിര്‍ദ്ദി ക്ഷേത്രഭാരവാഹികള്‍ ഈയടുത്ത കാലത്താണ് ക്ഷേത്രത്തിലെത്തുന്ന ഭക്തരായ സ്ത്രീകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നാവശ്യപ്പെടുന്ന ബോര്‍ഡ് സ്ഥാപിച്ചത്.