സ്വാതന്ത്ര്യ സമരപോരാളികളെ അവഹേളിക്കുന്നത് ദേശവിരുദ്ധം: പി അബ്ദുല്‍ ഹമീദ്

ഹിന്ദുത്വ രാഷ്ട്രനിര്‍മിതിയ്ക്കായി വ്യാജ ചരിത്രനിര്‍മാണമാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ആ ഉത്തരവാദിത്വം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് ഏറ്റെടുത്തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

Update: 2021-08-23 11:28 GMT

തിരുവനന്തപുരം: ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യസമര രംഗത്ത് വീരേതിഹാസം രചിച്ച മലബാര്‍ സമരപോരാളികളുടെ ചരിത്രം സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിന്നു വെട്ടിമാറ്റാനുള്ള നീക്കം ദേശവിരുദ്ധമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. ഹിന്ദുത്വ രാഷ്ട്രനിര്‍മിതിയ്ക്കായി വ്യാജ ചരിത്രനിര്‍മാണമാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ആ ഉത്തരവാദിത്വം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് ഏറ്റെടുത്തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഐസിഎച്ച്ആര്‍ തയ്യാറാക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ ഉള്‍പ്പെടെ 387 രക്തസാക്ഷികളെ ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല.

സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒറ്റുകാരുടെയും ദേശവിരുദ്ധതയുടെയും പാഠങ്ങളല്ലാതെ മറ്റൊന്നും അവകാശപ്പെടാനില്ലാത്ത ആര്‍എസ്എസ്സും കൂട്ടരും വ്യാജ ചരിത്രനിര്‍മിതിയിലൂടെ നാണം മറയ്ക്കാനുള്ള വ്യഥാശ്രമമാണ് നടത്തുന്നത്. ഇതിനാണ് അധികാരത്തിലെത്തിയ ഉടന്‍ തന്നെ ഐസിഎച്ച്ആര്‍ പോലുള്ള സംവിധാനങ്ങളെ കാവിവല്‍ക്കരിച്ചത്. ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന കണ്ടെത്തലുകള്‍ ചരിത്രരേഖകളാക്കാനുള്ളതല്ല ഐസിഎച്ച്ആര്‍. അവര്‍ വാങ്ങുന്ന ശമ്പളം ആര്‍എസ്എസ്സുകാരുടെ ഗുരുദക്ഷിണ അല്ലെന്ന കാര്യം വിസ്മരിക്കരുത്. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിനിടെ സങ്കുചിത താല്‍പ്പര്യങ്ങളും വംശീയ രാഷ്ട്രീയവും മുന്‍നിര്‍ത്തി ആര്‍എസ്എസ് എതിര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനിടെ അതിനനുസരിച്ച് ചരിത്രവസ്തുതകള്‍ വളച്ചൊടിക്കുന്ന ഐസിഎച്ച്ആര്‍ നടപടികള്‍ ഉടന്‍ തിരുത്തണമെന്നും ദേശവിരുദ്ധമായ ഹിന്ദുത്വ അജണ്ടകള്‍ക്കെതിരേ രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഐക്യപ്പെടണമെന്നും പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറുപ്പില്‍ അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News