മുസ്‌ലിം വിരുദ്ധ വികാരം ഇന്ത്യയുടെയും യുഎസിന്റെയും നയങ്ങളില്‍ വ്യാപിക്കുന്നു: ആംനസ്റ്റി

മനുഷ്യാവകാശങ്ങളുടെയും മാനുഷിക അന്തസ്സിന്റെയും മൂല്യങ്ങളിലാണ് യുഎസ് ഇന്ത്യ ബന്ധം പതിറ്റാണ്ടുകളായി നങ്കൂരമിട്ടിരുന്നതെന്നും അതിപ്പോള്‍ വിവേചനവും വര്‍ഗീയതയും അഭയാര്‍ഥികളോടുള്ള ശത്രുതയുമായി മാറിയെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുഎസ്എയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ഗരറ്റ് ഹുവാങ് പ്രസ്താവനയില്‍ പറഞ്ഞു.

Update: 2020-02-24 14:21 GMT

ലണ്ടന്‍: അമേരിക്കന്‍ ഐക്യനാടുകളുടെയും ഇന്ത്യന്‍ നേതാക്കളുടെയും നയങ്ങളില്‍ മുസ്‌ലിം വിരുദ്ധ വികാരം വ്യാപിക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. രണ്ട് സര്‍ക്കാരുകളും ഇപ്പോള്‍ പങ്കിടുന്ന മൂല്യങ്ങള്‍ വര്‍ഗീയതയും ശത്രുതയുമാണെന്ന് ആംനസ്റ്റി ആരോപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുഎസ്എയും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇരു രാഷ്ട്രങ്ങളും തുടരുന്ന മുസ്‌ലിം വിരുദ്ധത വ്യക്തമാക്കിയത്.


മനുഷ്യാവകാശങ്ങളുടെയും മാനുഷിക അന്തസ്സിന്റെയും മൂല്യങ്ങളിലാണ് യുഎസ് ഇന്ത്യ ബന്ധം പതിറ്റാണ്ടുകളായി നങ്കൂരമിട്ടിരുന്നതെന്നും അതിപ്പോള്‍ വിവേചനവും വര്‍ഗീയതയും അഭയാര്‍ഥികളോടുള്ള ശത്രുതയുമായി മാറിയെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുഎസ്എയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ഗരറ്റ് ഹുവാങ് പ്രസ്താവനയില്‍ പറഞ്ഞു. കശ്മീരിലെ ഇന്റര്‍നെറ്റ് നിഷേധവും രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയതും, സിഎഎ നടപ്പാക്കിയതും പ്രതിഷേധത്തിനെതിരായ അടിച്ചമര്‍ത്തലും സഹാനുഭൂതിയും ഇടപഴകാനുള്ള സന്നദ്ധതയും ഇല്ലാത്ത ഒരു നേതൃത്വത്തെ കാണിക്കുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ പറഞ്ഞു.


പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ സൃഷ്ടിക്കുന്നതിനുള്ള ആദ്യപടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററെന്നും, ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നതുപോലെ, പൗരത്വ നിയമം നിരവധി ഇന്ത്യന്‍ മുസ്‌ലിംകളെ അനധികൃത പൗരന്‍മാരാക്കാന്‍ ഉപയോഗിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു നേരെ നടക്കുന്ന പോലിസ് നടപടിയെ ആംനസ്റ്റി വിമര്‍ശിച്ചു. പ്രതിഷേധക്കാരെ അവരുടെ വസ്ത്രങ്ങള്‍ കൊണ്ട് തിരിച്ചറിയാമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന ഭയത്തിനും ഭിന്നതക്കും വഴിവെച്ചുവെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ അഭിപ്രായപ്പെട്ടു.




Tags:    

Similar News