കാർഷിക ബില്ലിനെതിരേ ടിഎന്‍ പ്രതാപന്‍ എംപി സുപ്രിം കോടതിയില്‍ ഹരജി നല്‍കി

രാജ്യത്തെ കര്‍ഷകര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.

Update: 2020-09-28 09:48 GMT

ന്യൂഡല്‍ഹി: രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായി മാറിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തൃശൂര്‍ എം.പി. ടി. എന്‍. പ്രതാപന്‍ സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. രാജ്യത്തെ കര്‍ഷകര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.

2020ലെ കര്‍ഷക ശാക്തീകരണ സംരക്ഷണ (വിലസ്ഥിരതാ കാര്‍ഷിക സേവന കരാര്‍ ) നിയമത്തിന്റെ 2, 3, 4, 5, 6, 7, 13, 14, 18, 19 എന്നീ വകുപ്പുകള്‍ ഭരണഘടനയുടെ 14, 15, 21 എന്നീ അനുഛേദങ്ങളുടെ നഗ്‌നമായ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണഘടനയുടെ 32ാം അനുഛേദപ്രകാരം ടി.എന്‍. പ്രതാപന്‍ എം.പി. സുപ്രിം കോടതിയില്‍ ഇന്ന് അഭിഭാഷകരായ ആശിഷ് ജോര്‍ജ്, ജെയിംസ് തോമസ്, രഖേഷ് ശര്‍മ്മ എന്നിവര്‍ മുഖേന ഹരജി സമര്‍പ്പിച്ചത്.

ഹരിത വിപ്ലവത്തിലൂടെ രാജ്യം നേടിയ കാര്‍ഷിക നേട്ടങ്ങള്‍ ഇല്ലാതാക്കുന്നതിനും, കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷിക രംഗം തീറെഴുതി നല്‍കുന്നതിനും പുതിയ കാര്‍ഷിക നിയമങ്ങള്‍ സാഹചര്യമുണ്ടാക്കും. സര്‍ക്കാരിന്റെ ഇടപെടലില്ലാതെ കാര്‍ഷിക രംഗത്ത് സ്വകാര്യ മുതലാളിത്ത കമ്പനികളുടെ കുത്തകവല്‍കരണത്തിന് നിയമം വഴിയൊരുക്കും. സ്വകാര്യ മുതലാളിമാരുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ പോലും കര്‍ഷകന് നീതി ലഭ്യമാക്കാന്‍ അവസരം നല്‍കാത്ത നിയമം കര്‍ഷകരെ ചൂഷണം ചെയ്യാന്‍ മാത്രം ലക്ഷ്യം വച്ചുള്ളതാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.