പശുക്കശാപ്പ് തടയല്‍ നിയമം കര്‍ഷക വിരുദ്ധം: ബിജെപി എംഎല്‍എ

Update: 2025-08-18 09:52 GMT

മുംബൈ: പശുക്കളെയും കാളകളെയും കശാപ്പ് ചെയ്യാന്‍ അനുവദിക്കാത്ത മഹാരാഷ്ട്രയിലെ കന്നുകാലി സംരക്ഷണ നിയമം കര്‍ഷകവിരുദ്ധമാണെന്ന് ബിജെപി എംഎല്‍എ സുദാധൗ ഘോട്ട്. ''കറവയുള്ള പശുവിനെ ഒരു കര്‍ഷകനും അറക്കാന്‍ നല്‍കില്ല. മഹാരാഷ്ട്രയിലെ ലക്ഷക്കണക്കിന് കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് ക്ഷീരകൃഷി. പാല്‍ നല്‍കാത്ത പശുക്കളെ നോക്കുന്നത് കര്‍ഷകര്‍ക്ക് വലിയ ബാധ്യതയുണ്ടാക്കും. പുതിയ നിയമപ്രകാരം കന്നുകാലികളെ കൊണ്ടുപോവുന്നതിന് കടുത്ത നിയന്ത്രണണങ്ങളുണ്ട്. അതിന് പിന്നാലെ പശുസംരക്ഷകര്‍ എന്നു പറയുന്നവരുടെ ആക്രമണവും. പശുക്കശാപ്പ് തടയല്‍ നിയമം യഥാര്‍ത്ഥത്തില്‍ കര്‍ഷക വിരുദ്ധമാണ്.''-എംഎല്‍എ വിശദീകരിച്ചു. പശുസംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ കര്‍ഷകരില്‍ നിന്നും വ്യാപാരികളില്‍ നിന്നും പണം തട്ടുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം കന്നുകാലികളെ സ്ഥലം മാറ്റുന്നത് പോലും തടസപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നിയമത്തിനെതിരേ മഹാരാഷ്ട്രയിലെ അറവ് ബിസിനസുകാര്‍ പ്രതിഷേധ സമരത്തിലാണ്. അതിനാല്‍, സംസ്ഥാനത്തെ കന്നുകാലി ചന്തകളും മാംസവ്യാപാരവും മരവിപ്പിച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്ക് അവരുടെ കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയുമാണുള്ളത്.

Tags: