ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ: അന്വേഷണം സിപിഎം എഴുതിക്കൊടുത്ത റിപോര്‍ട്ട് അനുസരിച്ചെന്ന് ചെന്നിത്തല
കണ്ണൂര്‍: ആന്തൂരിലെ പ്രവാസി സംരംഭകനായ സാജന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ സംഘം സിപിഎം എഴുതി കൊടുത്ത അന്വേഷണ റിപ്പോര്‍ട്ട് വച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പുറത്തുവരുന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണം ഒട്ടും തൃപ്തികരമല്ല. സംസ്ഥാന സര്‍ക്കാരിന്റെയും ആന്തൂര്‍ മുനിസിപ്പാലിറ്റിയുടെയും ക്രൂരമായ നിലപാടില്‍ മനംനൊന്താണ് സാജന്‍ ആത്മഹത്യ ചെയ്തത്. ഇനി ഒരു പ്രവാസിക്കും ഒരു സംരംഭകനും ഇതുപോലെ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്റെ തിരക്കഥയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കുകയും, അവര്‍ എഴുതി തയാറാക്കിയ റിപ്പോര്‍ട്ട് ഔദ്യോഗികമായി സമര്‍പ്പിക്കുകയും ചെയ്യുന്ന അന്വേഷണ സംഘമാണ് നിലവിലുള്ളത്. ഈ കേസിലെ ഏറ്റവും പ്രധാന കണ്ണിയായ ആന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ് ക്ലീന്‍ചിറ്റ് നല്‍കുന്ന, സംഭവത്തിന് ഉത്തരവാദികളായ മറ്റുള്ളവരെയെല്ലാം വെള്ളപൂശുന്ന ഒരു അന്വേഷണ റിപോര്‍ട്ട് അങ്ങേയറ്റം സംശയാസ്പദമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.