മതവിരുദ്ധ നിലപാടുകള്‍ ന്യായീകരിക്കുന്നതിനു ഖുര്‍ആന്‍ ദുരുപയോഗം ചെയ്യരുതെന്ന് ജം ഇയ്യത്തുല്‍ ഉലമ എ ഹിന്ദ്
കോഴിക്കോട്: രാഷ്ട്രിയ സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനും നിലനിര്‍ത്തുന്നതിനും വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്ന് ജം ഇയ്യത്തുല്‍ ഉലമ എ ഹിന്ദ് കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മതരംഗം, പൊതു രംഗം, പണ്ഡിത ധര്‍മം വെബിനാര്‍ അഭിപ്രായപ്പെട്ടു.
മലീമസമായ സാമൂഹിക പരിസ്ഥിതിയില്‍ നിന്നു ഒരു സമൂഹത്തെ വിമോചിപ്പിച്ച ദൈവിക വചനമായ ഖുര്‍ആന്‍ പ്രായോഗികമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. മുസ് ലിം പീഡന വിരുദ്ധ നിയമം അമേരിക്കയില്‍ പാസ്സാക്കിയത് ഏത് രാജ്യത്തിനും മാതൃകയാണ്. മിശ്രവിവാഹം ഇസ് ലാം അംഗികരിക്കുന്നില്ല. അതിനെ ന്യായീകരിക്കുന്നതിനും മതനിരാസവും നിരീശ്വരത്വവും പ്രചരിപ്പിക്കുന്നതിനും ഉത്തരവാദിത്ത സ്ഥാനമുള്ളവര്‍ ഖുര്‍ആനെ കൂട്ട് പിടിക്കുന്നത് മുസ് ലിം സമുദായത്തിനു നേരേയുള്ള കൈയേറ്റമാണ്. നരക സ്വര്‍ഗ വിശ്വാസം ഇസ് ലാമിന്റ വിശ്വാസത്തിന്റ ഭാഗമായിരിക്കെ അതിനെ ലാഘവത്തോടേ പരിഹാസ്യമായി മുസ് ലിംകളുടെ പേരില്‍ സ്ഥാനം വാരിക്കുട്ടിയ മുസ് ലിം നിയമസഭാ സാമാജികന്‍ അവതരിപ്പിക്കുന്നു. ഇത്തരം പ്രവണതകള്‍ സമുദായത്തെ വൃണപ്പെടുത്തുന്നതോടൊപ്പം മതേതര സങ്കല്‍പത്തെ തള്ളിപ്പറയുകയുമാണ്. വിവാഹ പ്രായം 21 ആക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നുകയറ്റമാണന്നും മുസ് ലിം സംഘടനകള്‍ ഐക്യപ്പെടല്‍ സമുദായത്തിനു അനിവാര്യമാണന്നും വെബിനാര്‍ ചൂണ്ടിക്കാട്ടി.
പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ വെബിനാര്‍ ഉല്‍ഘാടനം ചെയ്തു. ഹാശിം അല്‍ ഹദാദ തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു. ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി വി എഛ് അലിയാര്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ഡോ ഹുസൈന്‍ മടവൂര്‍(കെഎന്‍എം), പി മുജീബുറഹ്മാന്‍( ജമാഅത്തെ ഇസ് ലാമി), സി പി സലിം(വിസ്ഡം), ഡോ ഖാസി മുല്‍ ഖാസിമി(.കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍), പാനിപ്ര ഇബ്രാഹിം ബാഖവി( മൗലാനാ അബുല്‍ കലാം ആസാദ് റിസര്‍ച്ച് ഫൗണ്ടേഷന്‍), ശംസുദ്ദീന്‍(മന്നാനി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), കബീര്‍ മൗലവി കൗസരി, ഹാദിഖ് മൗലവി, മുഫ്തി ബാസില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
