ഇംഗ്ലീഷ് ചോദ്യത്തിന് ഹിന്ദിയില്‍ മറുപടി; തരൂരും ജ്യോതിരാദിത്യ സിന്ധ്യയും ലോക്‌സഭയില്‍ ഏറ്റുമുട്ടി

Update: 2022-02-04 01:47 GMT

ന്യൂഡല്‍ഹി; ഹിന്ദിയെച്ചൊല്ലി മുന്‍ സഹപ്രവര്‍ത്തകരായ ജ്യോതിരാദിത്യ സിന്ധ്യയും ശശി തരൂരും ലോക്‌സഭയില്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസ് തിരുവനന്തപുരം എംപി ശശി തരൂര്‍ ഇംഗ്ലീഷില്‍ ചോദിച്ച ഒരു ചോദ്യത്തിന് വ്യോമയാന മന്ത്രി ഹിന്ദിയില്‍ മറുപടി പറഞ്ഞതാണ് വിവാദമായത്.

താന്‍ ഇംഗ്ലീഷില്‍ ചോദിച്ച ചോദ്യത്തിന് ഹിന്ദിയില്‍ മറുപടി പറയുന്നത് തന്നെ അപമാനിക്കാനാണെന്ന് തരൂര്‍ ആരോപിച്ചു.

നേരത്തെ തമിഴ് അംഗം ഇംഗ്ലീഷില്‍ ചോദിച്ച ഒരു ചോദ്യത്തിനും മന്ത്രി ഹിന്ദിയില്‍ മറുപടി പറഞ്ഞിരുന്നു.

മന്ത്രിക്ക് ഇംഗ്ലീഷ് അറിയാമെന്നും എന്നിട്ടും ഹിന്ദിയില്‍ സംസാരിക്കുന്നത് അപകീര്‍ത്തികരമാണെന്നും തരൂര്‍ ആരോപിച്ചു.

ഹിന്ദിയില്‍ മറുപടി പറയരുത്. അത് അപകീര്‍ത്തികരമാണ്- തരൂര്‍ പറഞ്ഞു. ഹിന്ദിയില്‍ മറുപടി പറയുന്നത് തെറ്റല്ലെന്നും ഹിന്ദി മനസ്സിലാവാത്തവര്‍ക്ക് സഭയില്‍ വിവര്‍ത്തകരുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

ഹിന്ദിയില്‍ മറുപടി പറയുന്നത് അപകീര്‍ത്തികരമല്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ളയും വിധിച്ചതോടെ വിവാദം കെട്ടടങ്ങി.

Tags: