ഉത്തരക്കടലാസ് കാണാനില്ല; വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് എം ജി സര്‍വ്വകലാശാല

കോളേജ് വഴി ബന്ധപ്പെട്ടപ്പോഴാണ് മൂല്യ നിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പ്പിച്ച ഉത്തര കടലാസുകള്‍ നഷ്ടപ്പെട്ടു എന്ന് വ്യക്തമായത്.

Update: 2021-07-15 14:27 GMT

കോട്ടയം: എം ജി സര്‍വകലാശാലയിലെ അഞ്ചാം സെമസ്റ്റര്‍ ബി കോം വിദ്യാര്‍ത്ഥികളുടെ ഉത്തര കടലാസുകള്‍ കാണാതായി. ഇതോടെ വിദ്യാര്‍ഥികള്‍ വീണ്ടും പരിക്ഷ എഴുതണമെന്ന് സര്‍വ്വകലാശാല ആവശ്യപ്പെട്ടു. തൊടുപുഴ ന്യുമാന്‍ കോളേജിലെ 20 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് ആണ് നഷ്ടപ്പെട്ടത്. മൂല്യ നിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പ്പിച്ച ഉത്തര കടലാസാണ് കാണാതായത്.


ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അഞ്ചാം സെമസ്റ്റര്‍പരീക്ഷയുടെ ഫലം വന്നപ്പോള്‍ 20 പേരുടെ കോസ്റ്റ് അക്കൗണ്ടിംഗ് ഫലം മാത്രം പ്രസിദ്ധീകരിച്ചില്ല. സര്‍വകലാശാലയില്‍ അന്വേഷിച്ചപ്പോഴാണ് 20 പേരുടെയും ഉത്തര കടലാസ്സ് കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് കോളേജ് വഴി ബന്ധപ്പെട്ടപ്പോഴാണ് മൂല്യ നിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പ്പിച്ച ഉത്തര കടലാസുകള്‍ നഷ്ടപ്പെട്ടു എന്ന് വ്യക്തമായത്. വീണ്ടും പരീക്ഷ എഴുതിയാല്‍ മാത്രമേ ഫലം പ്രസിദ്ധീകരിക്കുവെന്ന് സര്‍വകലാശാല വിദ്യാര്‍ത്ഥികളെ അറിയിച്ചു.


എന്നാല്‍ വീണ്ടും പരീക്ഷ എഴുതാനുള്ള രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചിരിക്കുകയാണ്. സര്‍വകശാലായുമായി ബന്ധപ്പെട്ട് വീണ്ടും രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയെന്നും ഇതിന് ഫീസ് ഈടാക്കില്ലെന്നും കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയായതിനാല്‍ ഇന്റേണല്‍ മാര്‍ക്ക് അടിസ്ഥാനമാക്കി മൂല്യനിര്‍ണയം നടത്തണമെന്നും വീഴ്ച വരുത്തിയ അധ്യാപകനെതിരെ നടപടി വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.




Tags:    

Similar News