മൂന്നാറില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; ആളപായമില്ല, രണ്ട് വീടുകള്‍ മണ്ണിനടിയിലായി
അടിമാലി: മൂന്നാല്‍ ചെണ്ടുവരൈ എസ്റ്റേറ്റില്‍ കുണ്ടള പുതുക്കടി ഡിവിഷനില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. രണ്ട് വീടുകള്‍ മണ്ണിനടയിലായി. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായതുകൊണ്ട് ഇവിടെയുള്ളവര്‍ ക്യാമ്പുകളിലായിരുന്നു. ഇത് വലിയ ദുരന്തം ഒഴിവാകാന്‍ കാരണമായി. നൂറ്റമ്പതോളം കുടുംബങ്ങളാണ് പുതുക്കടി ഡിവിഷനില്‍ താമസക്കാരായുള്ളത്.
മൂന്നാര്‍ വട്ടപട ദേശീയപാത ഭാഗികമായി തകര്‍ന്നു. മഴ ഇപ്പോഴും ഇവിടെ തുടരുകയാണ്.
കഴിഞ്ഞ ദിവസത്തെ ഉരുള്‍പൊട്ടലില്‍ ഇതേ സ്ഥലത്ത് റോഡുകള്‍ തകര്‍ന്നിരുന്നു. അത് പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്. വെള്ളിയാഴ്ച അര്‍ധരാത്രിയിലായിരുന്നു ആദ്യത്തെ ഉരുള്‍പൊട്ടല്‍. മലമുകളില്‍ നിന്നും ഉരുള്‍പൊട്ടി താഴ്ഭാഗത്തേക്ക് ഒഴുകിയെത്തി. എസ്‌റ്റേറ്റ് ലയങ്ങള്‍ക്ക് സമീപം മൂന്നാര്‍ വട്ടവട റോഡില്‍ വരെയെത്തിയ കൂറ്റന്‍ പാറക്കല്ലുകളും ചെളിയും മണ്ണും മരങ്ങളുമൊക്കെ തങ്ങിനിന്നതിനാല്‍ വലിയ ദുരന്തമൊഴിവായി.
ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് സമീപത്തെ ലയങ്ങളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. കല്ലും മണ്ണും ചെളിയും വന്നടിഞ്ഞതോടെ മൂന്നാര്‍ വട്ടവട റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. പ്രദേശത്തുണ്ടായിരുന്ന മൂന്നോളം കടകളും ഒരു ക്ഷേത്രവും ഉരുള്‍പ്പൊട്ടലില്‍ നശിച്ചു.
പ്രദേശത്ത് വീശുന്ന കാറ്റും ഇടക്കിടെ പെയ്യുന്ന മഴയും മൂന്നാര്‍ വട്ടവട റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ദുഷ്‌ക്കരമാക്കുന്നുണ്ട്. ഉരുള്‍ പൊട്ടിയിറങ്ങിയ ഭാഗത്ത്കൂടി ശക്തമായ വെള്ളമൊഴുക്ക് തുടരുന്നുണ്ട്.
