ഉത്തരാഖണ്ഡില്‍ വീണ്ടും മേഘസ്‌ഫോടനം;രണ്ടുപേരെ കാണാതായെന്ന് റിപോര്‍ട്ടുകള്‍

Update: 2025-09-16 06:01 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ സഹസ്രധാരയ്ക്ക് സമീപം വീണ്ടും മേഘസ്‌ഫോടനം.ഇന്ന് പുലര്‍ച്ചെ 5 മണിക്കാണ് സംഭവം. 2 പേരെ കാണാതായെന്നാണ് റിപോര്‍ട്ടുകള്‍. ഇതിന്റെ ഫലമായി, തംസ നദി, കാര്‍ലിഗഡ് നദി, സഹസ്രധാര നദി എന്നിവിടങ്ങളിലെ ജലനിരപ്പ് വര്‍ധിച്ചു.

സഹസ്രധാര, തപോവന്‍, ഐടി പാര്‍ക്ക്, ഘംഗോര, ഘടികാന്ത് പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി റോഡുകള്‍ ഒലിച്ചുപോയി. തംസ നദിയുടെ തീരത്ത് നിര്‍മ്മിച്ച തപ്‌കേശ്വര്‍ മഹാദേവ ക്ഷേത്രം വെള്ളത്തിനടിയിലായി. സഹസ്രധാരയില്‍ 5 പേരെ രക്ഷപ്പെടുത്തി.

എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരടങ്ങുന്ന സംഘം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അതേ സമയം, മാണ്ഡിയിലെ നിഹാരിയിലുണ്ടായ മണ്ണിടിച്ചിലില്‍ 3 പേര്‍ മരിച്ചു. സമീപത്തുള്ള പാറയുടെ അവശിഷ്ടങ്ങള്‍ ഒരു വീടിന് മുകളില്‍ വീണുവെന്നും അങ്ങനെ വീട് തകര്‍ന്നുവെന്നും പോലിസ് പറഞ്ഞു. ഒരേ കുടുംബത്തിലെ 5 പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി.

തിങ്കളാഴ്ച പെയ്ത കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ മുംബൈയില്‍ റെയില്‍വേ ട്രാക്കുകള്‍, സബ്വേകള്‍, റോഡുകള്‍ എന്നിവ വെള്ളത്തിനടിയിലായി. ബീഡില്‍ 11 ഗ്രാമീണരെ വ്യോമസേന ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി.

Tags: