കല്‍പകഞ്ചേരി: മയക്കുമരുന്ന് സംഘത്തിലെ ഒരാള്‍ കൂടി പൊലിസ് പിടിയില്‍. പെരുമണ്ണ വാളക്കുളം പുത്തന്‍പുരക്കല്‍ അജീഷ് (27) ആണ് അറസ്റ്റിലായത്. താനൂര്‍ ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ 18 പേര്‍ അറസ്റ്റിലായി.
പെരുമണ്ണ മുണ്ടിയന്തറയിലുള്ള പ്രതിയുടെ വീട്ടില്‍ ഡിവിഡി പ്ലയെറിനുള്ളില്‍ ഒളിപ്പിച്ചുവച്ച ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നാണ് സംഘം കണ്ടെത്തിയത്. ഇയാളെയും സംഘത്തെയും 2019ല്‍ വാളയാര്‍വച്ച് കാറില്‍ 2 കിലോഗ്രാം മയക്കുമരുന്ന് സഹിതം എക്‌സൈസ് പിടികൂടിയിരുന്നു. അന്വേഷണ സംഘത്തില്‍ താനൂര്‍ ഡി.വൈ.എസ്.പി ഷാജിയെ കൂടാതെ കല്‍പകഞ്ചേരി സിഐ റിയാസ് രാജ, എസ്‌ഐ മണികണ്ഠന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സലേഷ്, സിപിഒമാരായ ജിനേഷ്,പ്രകാശന്‍, വിനീഷ്, വിഷ്ണു, സോണി എന്നിവരും ഉണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ചയില്‍ ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നിരവധി സ്ഥലങ്ങളില്‍ നിന്നായി കഞ്ചാവ്, ഹാഷിഷ് ഓയില്‍, സിന്തറ്റിക് ഡ്രഗ്‌സ് (എംഡിഎംഎ), തമിഴ്‌നാട്മദ്യം എന്നിവ പിടികൂടിയിരുന്നു. ആ കേസിലെ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു.
ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് വൈലത്തൂര്‍, കോഴിച്ചിന, കല്‍പകഞ്ചേരി ഭാഗങ്ങളില്‍ ചെറിയ പാക്കറ്റുകള്‍ ആക്കി വില്പനനടത്തുകയാണ് പ്രതികള്‍ ചെയ്തിരുന്നത്.