ഇന്ത്യന്‍ നാവികസേനയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ കേസിലെ ഒരു പ്രതി കൂടി അറസ്റ്റില്‍
ഉഡുപ്പി: ഇന്ത്യന്‍ നാവികസേനയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ മൂന്നാമതൊരാളെയും ഉഡുപ്പി പോലിസ് അറസ്റ്റ് ചെയ്തു. നാവികസേനയുടെ രഹസ്യ വിവരങ്ങള്‍ പാകിസ്താനുമായി ഇയാള്‍ പങ്കുവെച്ചതായാണ് ആരോപണമുണ്ട്. തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി മാല്‍പെ പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തു.ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ താമസിക്കുന്ന ഹിരേന്ദ് കുമാര്‍ എന്ന ഭരത് കുമാര്‍ ഖദായത്ത് (34) ആണ് അറസ്റ്റിലായത്.
ഇന്ത്യന്‍ നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്താനിലെ ഹാന്‍ഡ്ലര്‍മാര്‍ക്ക് കൈമാറുന്ന പ്രധാന പ്രതികള്‍ക്ക് പണത്തിനു പകരമായി ഹിരേന്ദര്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ നല്‍കിയതായി പോലീസ് പറഞ്ഞു.
നേരത്തെ, നവംബര്‍ 21 ന്, മാല്‍പെയിലെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ രോഹിത്, സാന്‍ട്രി എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുറമുഖ അധികൃതര്‍ ഇവരുടെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.