2018 പ്രളയ പുനരധിവാസ പദ്ധതി സമാപന പ്രഖ്യാപനവും പനമരം പീപ്പിള്‍സ് വില്ലേജ് ഉദ്ഘാടനവും

പദ്ധതിയുടെ സമാപന പ്രഖ്യാപനവും പനമരം പീപ്പിള്‍സ് വില്ലേജ് ഉദ്ഘാടനവും ജൂണ്‍ 13ന് രാവിലെ 11.00ന് നടക്കും.

Update: 2020-06-12 11:14 GMT

കല്‍പറ്റ: 2018 പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ പൂര്‍ത്തിയായി. പദ്ധതിയുടെ സമാപന പ്രഖ്യാപനവും പനമരം പീപ്പിള്‍സ് വില്ലേജ് ഉദ്ഘാടനവും ജൂണ്‍ 13ന് രാവിലെ 11.00ന് നടക്കും. എംപി രാഹുല്‍ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതലേ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ രംഗത്തുണ്ടായിരുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ചത്. വീടുകളുടെ നിര്‍മാണവും, കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ പൂര്‍ത്തീകരണത്തിനും പുറമെ ജീവനോപാധികള്‍ നല്‍കല്‍, വിവിധ ആശുപത്രികളുമായി സഹകരിച്ച് ഹെല്‍ത്ത് കാര്‍ഡ് വിതരണം, കുടിവെള്ള പദ്ധതികള്‍, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍കിറ്റുകള്‍, ലാപ്ടോപ്പ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി.  

ഗവ. സഹായത്തിന് അര്‍ഹരാണെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതില്‍ പ്രയാസം നേരിട്ടവരുമായവര്‍ക്കാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പദ്ധതികളില്‍ മുന്‍ഗണന നല്‍കിയത്. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ കോഡിനേറ്റര്‍മാര്‍ നേരിട്ട് സര്‍വ്വേ നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. വിവിധ ഏജന്‍സികളുടെയും, പൊതുജനങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും 25 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണ് ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 300 പുതിയ വീടുകള്‍, 1000 വീടുകളുടെ അറ്റകുറ്റപ്പണികള്‍, 1000 സ്വയം തൊഴില്‍ പദ്ധതി, 50 കുടിവെള്ള പദ്ധതികള്‍, സ്‌കോളര്‍ഷിപ്പ്, ചികിത്സ തുടങ്ങി ജനങ്ങളുടെ അതിജീവനത്തിന് വേണ്ടി പ്രഖ്യാപിച്ച മുഴുവന്‍ പദ്ധതികളും നേരത്തെ പ്രഖ്യാപിച്ച പോലെ രണ്ട് വര്‍ഷം കൊണ്ട് പീപ്പിള്‍സ് ഫൗണ്ടേഷന് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. വയനാട് പനമരത്ത് പ്രളയബാധിതരായ ഭൂരഹിതര്‍ക്ക് വേണ്ടി നിര്‍മ്മിച്ച പീപ്പിള്‍സ് വില്ലേജ് പദ്ധതി പ്രളയ പുനരധിവാസ പദ്ധതികളില്‍ ശ്രദ്ധേയമായതാണ്. 25 വീടുകള്‍, പ്രീസ്‌കൂള്‍, പ്രാഥമികാരോഗ്യകേന്ദ്രം, കളി സ്ഥലം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതി. മലപ്പുറം നമ്പൂരിപെട്ടി, കോട്ടയം ഇല്ലിക്കല്‍, വയനാട്ടിലെ തന്നെ മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളിലെ പീപ്പിള്‍സ് വില്ലേജുകളും പുനരധിവാസ പദ്ധതികളില്‍ ഉള്‍പ്പെടും.

പദ്ധതി സമാപന പ്രഖ്യാപന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, വയനാട് എം.പി രാഹുല്‍ ഗാന്ധി, പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.


പീപ്പിള്‍സ് ഫൗണ്ടേഷന്റെ 10 കോടി രൂപ ചെലവ് വരുന്ന 2019 പ്രളയ പുനരധിവാസ പദ്ധതികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തില്‍ ഏറെ നാശനഷ്ടം നേരിട്ട 600 ല്‍ പരം ചെറുകിട കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 50,000 വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിച്ചു. ഇന്‍ഫാഖ് സസ്റ്റൈനബിള്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് കീഴിലുള്ള അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 140 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള പദ്ധതിയും വിവിധ ഘട്ടങ്ങളിലാണ്. 2019 പ്രളയ പുനരധിവാസ പദ്ധതികളും ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും

വാര്‍ത്താസമ്മേളനത്തില്‍ എം കെ മുഹമ്മദലി (ചെയര്‍മാന്‍, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍), സാദിഖ് ഉളിയില്‍ (ട്രസ്റ്റ് അംഗം, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍), കളത്തില്‍ ഫാറൂഖ് (ട്രഷറര്‍, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍), ടി പി യൂനുസ് (ജില്ലാ പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി വയനാട്), സി കെ സമിര്‍ (ജില്ലാ സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി വയനാട്), നവാസ് പൈങ്ങോട്ടായി (കണ്‍വീനര്‍, പുനരധിവാസ സമിതി വയനാട് ജില്ല), ഖാലിദ് പനമരം (മീഡിയ സെക്രട്ടറി),അബ്ദുല്‍ റഹീം, പി കെ നവാസ് സംബന്ധിച്ചു. 

Tags:    

Similar News