മലബാര്‍ സ്‌പെഷ്യല്‍ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കുക: ഹമീദ് വാണിയമ്പലം

Update: 2022-07-28 15:46 GMT

കോഴിക്കോട്: മലബാര്‍ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിവേചനങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ മലബാര്‍ സ്‌പെഷ്യല്‍ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ നയിക്കുന്ന പ്രക്ഷോഭയാത്രയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രപരമായി നിരവധി വിവേചനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട ജനസമൂഹമാണ് കോഴിക്കോടിന്റേത്.

കേരളം മാറി മാറി ഭരിച്ച ഇടത് വലത് സര്‍ക്കാരുകള്‍ കോഴിക്കോടിനോടുള്ള വിവേചനം മുന്‍കാലങ്ങളിലേതുപോലെ തുടര്‍ന്നുകൊണ്ടിരുന്നു. അതിന്റെ ഫലമാണ് ഇന്നും കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജില്ലയിലെ ഭീകരമായ വിദ്യാഭ്യാസ പ്രതിസന്ധിയെന്നും ഇനിയും ഈ വിവേചനങ്ങള്‍ തുടരാന്‍ അനുവദിച്ചുകൂടെന്നും കൂടുതല്‍ ശക്തമായ ബഹുജന സമരങ്ങള്‍ ഉയര്‍ന്നുവരും. മലബാറിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് പിണറായി സര്‍ക്കാര്‍ രണ്ടാം തവണയും ഭരണത്തിലേറിയത്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒരുവര്‍ഷം കഴിഞ്ഞിട്ടും ആ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ സര്‍ക്കാര്‍ യാതൊരു താല്‍പ്പര്യവും കാണിച്ചിട്ടില്ല എന്നതാണ് വസ്തുത. ഏറ്റവും ചുരുങ്ങിയത് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിച്ച് വിദ്യാര്‍ഥികളുടെ ഭാവിവച്ചുള്ള കളി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുജീബ് റഹ്മാന്‍ പറഞ്ഞു.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിഭജനം, ജില്ലയിലെ ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തുക തുടങ്ങിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രക്ഷോഭ യാത്രയിലൂടെ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ തികച്ചും ന്യായമായവയാണ്. ആ ആവശ്യങ്ങളോട് ഇനിയും പുറം തിരിഞ്ഞുനില്‍ക്കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളായിരിക്കും വിദ്യാര്‍ഥി സമൂഹത്തില്‍ നിന്നും സര്‍ക്കാര്‍ നേരിടേണ്ടി വരിക എന്ന് സമ്മേളനത്തില്‍ സംസാരിച്ച വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.

കഴിഞ്ഞ ദിവസം അവകാശ പത്രിക സമര്‍പ്പണം എന്ന പേരില്‍ കേരളത്തിലെ ഒരു മുഖ്യധാരാ വിദ്യാര്‍ഥി സംഘടന നടത്തിയ മാര്‍ച്ചില്‍, ഒരിടത്ത് പോലും മലബാറിലെ വിദ്യാര്‍ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അവകാശനിഷേധത്തെ ചര്‍ച്ചയ്‌ക്കെടുത്തതായി കണ്ടില്ല. ഭരണകൂടത്തിന്റെ ഓരം പറ്റി വിദ്യാര്‍ഥികളുടെ അവകാശങ്ങളെ മനപ്പൂര്‍വം മറവിക്ക് വിട്ടുകൊടുക്കാനുള്ള അത്തരം ശ്രമങ്ങളെയും, സംഘടനകളെയും കേരളത്തിലെ വിദ്യാര്‍ഥി സമൂഹം പുച്ഛത്തോടെ തള്ളിക്കളയുമെന്ന് മറുപടി പ്രസംഗം നടത്തിയ പ്രക്ഷോഭ യാത്ര ക്യാപ്റ്റന്‍ മുനീബ് എലങ്കമല്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കാന്‍ ഫ്രറ്റേണിറ്റി ഒരുക്കമല്ലന്നും പൂര്‍ണവിജയം വരെ തെരുവില്‍ നിലയുറപ്പിക്കാന്‍ തന്നെയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടുദിവസം നീണ്ടുനിന്ന പ്രക്ഷോഭ യാത്ര കുറ്റിയാടി പഴയ ബസ് സ്റ്റാന്‍ഡില്‍ പൊതുസമ്മേളനത്തോടെ അവസാനിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന റാലിയും നടന്നു.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിഭജിച്ച് കോഴിക്കോട് ജില്ല ആസ്ഥാനമാക്കി പുതിയ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുക, ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തുക, മലയോര, തീരദേശ മേഖല സ്‌പെഷ്യല്‍ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളില്‍ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച് പാസാക്കി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ തബ്ഷീറ സുഹൈല്‍, ലബീബ് കായക്കൊടി വൈസ് പ്രസിഡന്റ് ടി സി സജീര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News