ചികിത്സക്ക് പിരിച്ചെടുത്തതിന്റെ ബാക്കി പണം ആവശ്യപ്പെട്ടതില്‍ രോഷം: വിവാദ വീഡിയോയുമായി ഫിറോസ് കുന്നം പറമ്പില്‍

Update: 2021-02-12 11:16 GMT

കോഴിക്കോട്: ചികിത്സക്ക് പിരിച്ചെടുത്തതിന്റെ ബാക്കി പണം ആവശ്യപ്പെട്ടതില്‍ രോഷം പ്രകചിപ്പിച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പ്രതിഷേധം. 'ചികിത്സക്ക് ശേഷം ബാക്കി വരുന്ന പണം മറ്റ് രോഗികള്‍ക്ക് വീതിച്ച് നല്‍കുമ്പോള്‍ അത് തന്റേതാണെന്ന് പറഞ്ഞു വന്ന് കരയുന്ന രോഗികളെയും ഇവരെ കാണിച്ച് കള്ളപ്രചാരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം പൊതുയിടത്തില്‍വെച്ച് തല്ലിക്കൊല്ലേണ്ട സമയം അതിക്രമിച്ചു ' എന്നാണ് ഫിറോസ് കുന്നംപറമ്പില്‍ വീഡിയോയില്‍ പറഞ്ഞത്. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പരാമര്‍ശത്തിനെതിരേ നിരവധി പേര്‍ രംഗത്തുവന്നു.


വയനാട്ടിലെ ഒരു കുട്ടിയുടെ ചികിത്സക്കായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ഫിറോസ് വിവാദ പരാമര്‍ശം നടത്തിയത്. കുട്ടിയുടെ ചികിത്സക്ക് ശേഷം ബാക്കി പണം മറ്റ് രോഗികള്‍ക്ക് നല്‍കിയെന്നും എന്നാല്‍ പിന്നീടും വിവിധ ആവശ്യങ്ങള്‍ക്കായി പണം ചെലവായെന്നും കാണിച്ച് ഇവര്‍ സമീപിച്ചെന്നും ഫിറോസ് പറയുന്നു. ഈ പണം ലക്ഷ്യമിട്ട് തനിക്കെതിരെ ആരോപണങ്ങളുമായി ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നും ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു. ഫിറോസിനെ അനുകൂലിച്ചും എതിര്‍ത്തും സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗഗത്തുവന്നിട്ടുണ്ട്.




Tags: