മന്ത്രിയെ നേരില്‍ കണ്ട് അനീറ കബീര്‍;സാധ്യമായ എല്ലാ സഹായവും ഉറപ്പ് നല്‍കി മന്ത്രി ശിവന്‍കുട്ടി

Update: 2022-01-12 09:08 GMT

തിരുവനന്തപുരം: ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് അപേക്ഷ നല്‍കിയ അനീറ കബീര്‍ ഓഫിസിലെത്തി മന്ത്രി വി ശിവന്‍കുട്ടിയെ കണ്ടു. മന്ത്രിക്ക് അനീറ നിവേദനം നല്‍കി.

നിലവില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഉണ്ടായിരുന്ന തത്കാലിക ജോലി നഷ്ടമായതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനീറ മന്ത്രിയെ അറിയിച്ചു. സഹോദരന്‍ അപകടത്തില്‍ പെട്ടു മരിച്ചതിനാല്‍ ആ കുടുംബത്തിന്റെ സംരക്ഷണ ചുമതലയും തനിക്കാണെന്ന് അനീറ മന്ത്രിയോട് പറഞ്ഞു.

അനീറ കബീറിന്റെ വിഷയം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുമായി സംസാരിച്ചെന്നും നിലവിലെ ജോലിയില്‍ തുടരാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മറ്റേതെങ്കിലും ജോലിയുടെ സാധ്യത തേടാമെന്നും മന്ത്രി വ്യക്തമാക്കി. ട്രാന്‍സ് ജന്‍ഡര്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള സര്‍ക്കാറാണ് ഇടതുപക്ഷ സര്‍ക്കാരെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Tags: