പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഒരുവര്‍ഷത്തേക്ക് നിരോധനമേര്‍പ്പെടുത്തി ആന്ധ്ര സര്‍ക്കാര്‍

നഗരത്തില്‍ അനധികൃത മയക്കുമരുന്നുകളുടെയും ഗുട്കയുടെയും ഉപഭോഗവും വില്‍പ്പനയും വ്യാപകമായ സാഹചര്യത്തിലാണ് നിരോധനം

Update: 2021-12-07 06:42 GMT

ഹൈദരാബാദ്: ഡിസംബര്‍ 7 മുതല്‍ ഒരുവര്‍ഷത്തേക്ക് സംസ്ഥാനത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. പുകയില, നിക്കോട്ടിന്‍, മറ്റ് പുകയില ഉല്പ്പന്നങ്ങള്‍ അടങ്ങിയ ഗുട്ക, പാന്‍ മസാല എന്നിവയ്ക്ക് ഒരുവര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇവയുടെ നിര്‍മാണം, സംഭരണം, വിതരണം എന്നിവ നിരോധിച്ചുകൊണ്ട് ആന്ധ്രാപ്രദേശിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടു.

ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ഗുട്ക, പാന്‍ മസാലകള്‍ എന്നിവ ഉണ്ടാക്കുകയോ, വിതരണം ചെയ്യുകയോ, സൂക്ഷിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ആരെങ്കിലും ചട്ടങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തുമെന്നും കുടുംബക്ഷേമ ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെലങ്കാനയിലും പുകയില ഉല്പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതായാണ് റിപോര്‍ട്ട്.

നഗരത്തില്‍ അനധികൃത മയക്കുമരുന്നുകളുടെയും ഗുട്കയുടെയും ഉപഭോഗവും വില്‍പ്പനയും വ്യാപകമായ സാഹചര്യത്തിലാണ് നിരോധനം. ഹൈദരാബാദ് കമ്മീഷണറുടെ ടാസ്‌ക് ഫോഴ്‌സും അഫ്‌സല്‍ഗഞ്ച് പോലിസും ചേര്‍ന്ന് ന്യൂ ഒസ്മാന്‍ഗഞ്ചിലുള്ള ഗോഡൗണില്‍ റെയ്ഡ് നടത്തി ഏകദേശം 57,07,640 രൂപയുടെ 1475 കിലോഗ്രാം നിരോധിത ച്യൂയിംഗ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയതായി ഹൈദരാബാദ് സിറ്റി കമ്മീഷണര്‍ അഞ്ജനി കുമാര്‍ ഐപിഎസ് പറഞ്ഞു. നവംബര്‍ 18ന് നടന്ന റെയിഡില്‍ ഒരാളുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.

ആന്ധ്രയിലെ ഗുട്ക നിരോധനത്തിനെതിരേ 160 ഹരജികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ഇവ തള്ളിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഗുട്ക ഉപയോഗത്താല്‍ മരിക്കുന്നുണ്ടെന്ന നിരീക്ഷണത്തോടെയാണ് കോടതി ഹരജികള്‍ തള്ളിയത്.

Tags: