ആന്ധ്രക്ക് ഇനി മൂന്ന് തലസ്ഥാനം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തലസ്ഥാന വികസനത്തിനായി അമരാവതിയില്‍ ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നിട്ട് തലസ്ഥാനം മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

Update: 2020-01-20 10:33 GMT

ഹൈദരാബാദ്: ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനങ്ങള്‍ അനുവദിച്ച് കൊണ്ടുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വിശാഖപ്പട്ടണം, അമരാവതി, കര്‍ണൂല്‍ എന്നിവയാണ് ഇനി ആന്ധ്രപ്രദേശിന്റെ തലസ്ഥാനങ്ങള്‍. അമരവതിയെ പ്രത്യേക തലസ്ഥാന പ്രദേശമായി പ്രഖാപിച്ച 2014 ലെ ചട്ടം റദ്ദാക്കിക്കൊണ്ടാണ് ജഗന്‍ മോഹന്‍ റെഡി മന്ത്രിസഭാ ബില്ലിന് അംഗീകാരം നല്‍കിയത്. നിയമനിര്‍മാണ സഭ അമരാവതിയിലും സെക്രട്ടേറിയറ്റ് വിശാഖപട്ടണത്തും ഹൈക്കോടതി കര്‍ണൂലിലും ആയിരിക്കും.

എന്നാല്‍ തലസ്ഥാനങ്ങള്‍ മൂന്നായി വിഭജിക്കുന്നതിനെതിരേ അമരാവതിയില്‍ പ്രതിഷേധം ശക്തമാണ്. തലസ്ഥാന വികസനത്തിനായി അമരാവതിയില്‍ ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നിട്ട് തലസ്ഥാനം മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

തലസ്ഥാനം മൂന്നായി വിഭജിക്കാനുള്ള നീക്കത്തിനെതിരേ അമരാവതി ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയും ടിഡിപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഇന്ന് നിയമസഭയിലേക്ക് ചലോ അസംബ്ലി മാര്‍ച്ചിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ടിഡിപി, സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം 800 ലേറെ പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.