അമരാവതിയില്‍ തലസ്ഥാനം പ്രഖ്യാപിക്കും മുമ്പ് തെലുങ്കുദേശം നേതാക്കള്‍ ഭൂമി വാങ്ങിക്കൂട്ടി- ചന്ദ്രബാബു നായിഡുവിനും മകനുമെതിരേ കാബിനറ്റ് സബ് കമ്മിറ്റി റിപോര്‍ട്ട്

ഗുണ്ടൂരിലെ അമരാവതിയില്‍ തലസ്ഥാനം നിശ്ചയിക്കുന്നതിന് ആറ് മാസം മുമ്പ് പ്രദേശത്ത് ഭൂമി വാങ്ങിക്കൂട്ടിയെന്നായിരുന്നു കമ്മിറ്റിയുടെ കണ്ടെത്തല്‍.

Update: 2019-12-28 05:45 GMT

ഹൈദരാബാദ്: മുന്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും മകന്‍ എന്‍ ലോകേഷിനുമെതിരേ കാബിനറ്റ് സബ് കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചു. ഗുണ്ടൂര്‍ ജില്ലയിലെ അമരാവതിയില്‍ പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം നിശ്ചയിക്കാനുള്ള തീരുമാനം ഔദ്യോഗികമായി പുറത്തുവിടും മുമ്പ് പ്രദേശത്ത് ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ എന്‍ ലോകേഷ്, മറ്റ് ആറ് ടിഡിപി നേതാക്കള്‍ എന്നിവര്‍ക്കെതിരേയാണ് റിപോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. ഗുണ്ടൂരിലെ അമരാവതിയില്‍ തലസ്ഥാനം നിശ്ചയിക്കുന്നതിന് ആറ് മാസം മുമ്പ് പ്രദേശത്ത് ഭൂമി വാങ്ങിക്കൂട്ടിയെന്നായിരുന്നു കമ്മിറ്റിയുടെ കണ്ടെത്തല്‍.

തലസ്ഥാനം ഔദ്യോഗികമായി തീരുമാനിക്കും മുമ്പ് തീരുമാനമെടുത്തവരും അവരുമായി അടുപ്പമുള്ളവരും തലസ്ഥാനമായി നിശ്ചയിക്കാനിരുന്ന പ്രദേശത്ത് വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയെന്ന് കണ്ടെത്തിയ കാബിനറ്റ് സബ് കമ്മിറ്റിയില്‍ ധനമന്ത്രി ബി രാജേന്ദ്രനാഥ്, പഞ്ചായത്തി രാജ് മന്ത്രി പി രാമചന്ദ്ര റെഡ്ഢി, വ്യവസായ മന്ത്രി എം ഗൗതം റെഡ്ഢി, ജലവിതരണവകുപ്പ് മന്ത്രി പി അനില്‍കുമാര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. മുഖ്യമന്ത്രി ജഗ്മോഹന്‍ റെഡ്ഢിക്കാണ് സബ് കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചത്.

''തലസ്ഥാനം മാറ്റുന്നതിനുള്ള തീരുമാനമെടുക്കുന്നവരുമായി ബന്ധപ്പെട്ടവര്‍ ബിനാമി ഇടപാടുകളിലൂടെ തലസ്ഥാനമായി നിശ്ചയിച്ച പ്രദേശത്ത് ഭൂമി വാങ്ങിക്കൂട്ടി. ചിലര്‍ ലാന്റ് പൂളിങ് സ്‌കീമിലേക്ക് ഭൂമി വിട്ടു നല്‍കി കൂടുതല്‍ നല്ല പ്രദേശങ്ങളില്‍ ഭൂമി സമ്പാദിച്ചു. ഭൂമി നിശ്ചയിച്ചതിലും നിരവധി പ്രശ്‌നങ്ങളുണ്ട്. ആന്ധ്രപ്രദേശ് ലാന്റ്‌സ്(പ്രൊഹിബിഷന്‍ ഓഫ് ട്രാന്‍സ്ഫര്‍)ആക്റ്റ്, 1977, എസ് സി/എസ് ടി (പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ്) ആക്റ്റ് 1989 തുടങ്ങിയ നിയമങ്ങളും വ്യാപകമായി ലംഘിക്കപ്പെട്ടു. ദരിദ്രര്‍ക്ക് നല്‍കുന്ന വെളുത്ത റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ള ചിലര്‍ പോലും ഭൂമി വാങ്ങിയതായും അധികാരത്തിലുള്ളവരുടെ ബിനാമികളാണ് ഇവരെന്നും കമ്മിറ്റി കണ്ടെത്തി. ഈ രീതിയില്‍ ജൂണ്‍ 1 2014 മുതല്‍ 2014 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ മൊത്തം 4069.69 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ വാങ്ങിക്കൂട്ടിയത്-റിപോര്‍ട്ട് പറയുന്നു.


Tags:    

Similar News