സര്‍ഫ്രാസ് ഖാന്റെ പിതാവിന് ഥാര്‍ സമ്മാനമായി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര

Update: 2024-02-17 07:49 GMT
മുംബൈ: നിരവധി ഫസ്റ്റ് ക്ലാസ് സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിട്ടും സര്‍ഫ്രാസ് ഖാന്‍ എന്ന പ്രതിഭാധനനായ ക്രിക്കറ്റര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറക്കാന്‍ വൈകിയിരുന്നു. ഏറെ കാത്തിരിപ്പിനൊടുവില്‍ സര്‍ഫ്രാസ് ഖാന്‍ ഇന്ത്യന്‍ ടീമിലെത്തി. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനത്തിലൂടെ അര്‍ദ്ധസെഞ്ച്വറി നേടുകയും ചെയ്തു ഈ മുംബൈ താരം.

സര്‍ഫ്രാസ് എന്ന ക്രിക്കറ്ററുടെ നിഴലായി ഒരാളുണ്ടായിരുന്നു. അവഗണനകള്‍ക്കിടയിലും കരുത്തേകി ഒപ്പം നിന്നയാള്‍. അത് മറ്റാരുമായിരുന്നില്ല, സര്‍ഫ്രാസിന്റെ പിതാവ് നൗഷാദ് ഖാന്‍ തന്നെയായിരുന്നു. കരിയറിലെ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നു പോയപ്പോള്‍ സര്‍ഫ്രാസിനെ പരിശീലിപ്പിച്ചത് അദ്ദേഹമായിരുന്നു.

ഇപ്പോഴിതാ, മകന്‍ ഇന്ത്യയ്ക്ക് കളിക്കുന്നതിന്റെ സന്തോഷത്തില്‍ നില്‍ക്കുന്ന നൗഷാദ് ഖാനെ തേടി ഇരട്ടിമധുരമുള്ള ഒരു സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. മകനെ രാജ്യത്തിന് കളിക്കാന്‍ പ്രാപ്തനാക്കിയ പിതാവിന് മഹീന്ദ്ര ഥാര്‍ വാഹനം സമ്മാനിമായി നല്‍കുമെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച തന്റെ അരങ്ങേറ്റ ടെസ്റ്റ് ഇന്നിംഗ്സില്‍ 62 റണ്‍സെടുത്ത സര്‍ഫ്രാസ് ഖാന്‍, രവീന്ദ്ര ജഡേജയുമായുള്ള ആശയകുഴപ്പത്തെ തുടര്‍ന്ന് നോണ്‍ സ്ട്രൈക്കറുടെ എന്‍ഡില്‍ റണ്ണൗട്ടായിയിരുന്നു.






Tags:    

Similar News