കോട്ടയം: വിവിധ ജില്ലകളിലായി നൂറോളം കേസുകളില്‍ പ്രതിയായ മലപ്പുറം ചോക്കാട് സ്വദേശി മോഷണക്കേസില്‍ അറസ്റ്റില്‍. ചോക്കാട് കുന്നുമ്മേല്‍ വീട്ടില്‍ പനച്ചിപ്പാറ സുരേഷി(62)നെയാണ് കോട്ടയം രാമപുരം പൊലിസ് മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തത്. മലപ്പുറം പോലിസും ഇയാള്‍ക്കെതിരേ അന്വേഷണം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം പാറത്തോടുള്ള ഫ്രാന്‍സിസ് ചെറുകര എന്നയാളുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കുകയും ചെയ്തിരുന്നു. കൂത്താട്ടുകുളത്ത് സമാനമായ കേസില്‍ പ്രതിയായി ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് കഴിഞ്ഞദിവസം രാത്രി ഇയാള്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഇയാള്‍ക്ക് മലപ്പുറം, എറണാകുളം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, ഈരാറ്റുപേട്ട, മണര്‍കാട്, പള്ളിക്കത്തോട്, തിടനാട്, പാലാ എന്നീ സ്‌റ്റേഷനുകളിലായി നൂറോളം കേസുകളാണ് നിലവിലുള്ളത്.
ജില്ലാ പൊലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ മലപ്പുറത്ത് നിന്നുമാണ് പിടികൂടിയത്. പാലാ ഡിവൈ.എസ്പി ഗിരീഷ് പി സാരഥി, രാമപുരം എസ് എച്ച് ഒ കെഎന്‍ രാജേഷ്, എസ്‌ഐ മാരായ പിഎസ് അരുണ്‍കുമാര്‍, എംജി സാബു , സിപിഒ മാരായ കൃഷ്ണകുമാര്‍, റോബി തോമസ്, പിഎസ് ശരത് കുമാര്‍, നിതാന്ത് കൃഷ്ണന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.