ഭര്‍ത്താവില്‍നിന്നുള്ള പീഡനം; എയിഡ്‌സ് രോഗിയായ യുവതി ആത്മഹത്യ ചെയ്തു
സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം യുവതിയുടെ ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തുകയും യുവതിയുടെ ഭര്‍ത്താവിനും ഭര്‍തൃസഹോദരിക്കുമെതിരെ പരാതി നല്‍കുകയും ചെയ്തു.
അഹമ്മദാബാദ്: ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍ നിന്നുമുള്ള മാനസിക ശാരീരിക പീഡനങ്ങള്‍ സഹിക്കാനാകാതെ എയിഡ്‌സ് രോഗ ബാധിതയായ യുവതി ആത്മഹത്യ ചെയ്തു. അഹമ്മദാബാദിലെ സരസ്പൂരിലാണ് സംഭവം. ഭര്‍ത്താവും ഭര്‍തൃ സഹോദരിയും മകളെ മാനസ്സികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവും എയിഡ്‌സ് രോഗിയാണ്. ഷഹെര്‍ക്കോഡ പോലിസ് സ്‌റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.
ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവതിയും പ്രതിയും സമീപത്തെ സിവില്‍ ഹോസ്പിറ്റലില്‍ വച്ച് കണ്ടുമുട്ടിയത്. രണ്ട് കുടുംബങ്ങള്‍ക്കും വിവാഹത്തില്‍ സമ്മതമായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ വിവാഹം നടന്നു. ഇരുവരും എയിഡ്‌സ് രോഗികളാണെന്ന് തിരിച്ചറിഞ്ഞാണ് വിവാഹം ചെയ്യാമെന്ന് തീരുമാനിച്ചത്.
ഒക്ടോബര്‍ 30ന് യുവതിയുടെ സഹോദരനെ ഫോണില്‍ വിളിച്ച ഭര്‍തൃ സഹോദരി, യുവതി മരിച്ചതായി അറിയിച്ചു. വീട്ടിനുള്ളില്‍ മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പറഞ്ഞു. സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം യുവതിയുടെ ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തുകയും യുവതിയുടെ ഭര്‍ത്താവിനും ഭര്‍തൃസഹോദരിക്കുമെതിരെ പരാതി നല്‍കുകയും ചെയ്തു.