ഗുവാഹത്തി എയര്‍പോര്‍ട്ടിലെ 'കുറുക്കന്‍ ശല്യം' പരിഹരിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി
വിമാനത്താവളത്തിലെ കുറുക്കന്‍മാര്‍ കാരണം ഇതുവരെ ഒരു അപകടവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അപകടത്തിന് സാധ്യതയുണ്ടെന്ന് എല്‍ജിബിഐ എയര്‍പോര്‍ട്ട് ഡയറക്ടര്‍ രമേശ് കുമാര്‍ പറഞ്ഞു.
ഗുവാഹത്തി: ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊര്‍ദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എല്‍ജിബിഐ) 'കുറുക്കന്‍ ശല്യം' പരിഹരിക്കുന്നതിനായി അസം പരിസ്ഥിതി വനം വകുപ്പ് വിദഗ്ധസംഘത്തിന് രൂപം നല്‍കി. അസം മൃഗശാല ഡിവിഷന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തയാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്ഒപി) പ്രകാരം വിമാനത്താവളത്തിലെ കുറുക്കന്‍മാരെ പിടികൂടി അനുയോജ്യമായ മറ്റ് ആവാസ വ്യവസ്ഥകളില്‍ വിട്ടയക്കും. വനംവകുപ്പ് സംഘം വിമാനത്താവള പരിസരം പരിശോധിച്ച് എസ്ഒപി നടപ്പാക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു.
വിമാനത്താവളത്തിലെ കുറുക്കന്‍മാര്‍ കാരണം ഇതുവരെ ഒരു അപകടവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അപകടത്തിന് സാധ്യതയുണ്ടെന്ന് എല്‍ജിബിഐ എയര്‍പോര്‍ട്ട് ഡയറക്ടര്‍ രമേശ് കുമാര്‍ പറഞ്ഞു. ലാന്‍ഡിംഗിലും ടേക്ക് ഓഫ് സമയത്തും അപകടത്തിന് സാധ്യതയുണ്ട്. 'വ്യോമയാനത്തെ സുരക്ഷിതമാക്കുന്നതിനും യാത്രക്കാരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഞങ്ങള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നു. ഇത് ഒരു വലിയ വിമാനത്താവളമാണ്, അതിനാല്‍ ഞങ്ങള്‍ അത്തരം നടപടികള്‍ കൈക്കൊള്ളണം.' എയര്‍പോര്‍ട്ട് ഡയറക്ടര്‍ രമേശ് കുമാര്‍ പറഞ്ഞു. തിരക്കേറിയ എല്‍ജിബിഐ കോംപ്ലക്‌സ് വിമാനത്താവളത്തിന് 500 ഏക്കറിലധികം സ്ഥലമുണ്ട്. രണ്ട് സംരക്ഷിത വനങ്ങള്‍ക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഗുവാഹത്തിക്ക് പുറമെ, രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും വന്യ ജീവികളുടെ ഭീഷണിയുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി 'ഇന്ത്യന്‍ എക്‌സ്പ്രസ്' റിപോര്‍ട്ട് ചെയ്തു. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും കുറുക്കന്‍ ശല്യമുണ്ട്. ഡല്‍ഹി വിമാനത്താവളത്തിന് നീലഗായി (നീലക്കാള) പ്രശ്‌നമുണ്ട്, അഹമ്മദാബാദ് വിമാനത്താവളത്തില്‍ മൃഗങ്ങളെ കാണുന്നു, മൈസൂര്‍ വിമാനത്താവളത്തില്‍ മയിലുകള്‍ പ്രത്യക്ഷപ്പെടുന്നു, ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ കാട്ടുപൂച്ചകളാണ് പ്രശ്‌നം - അദ്ദേഹം പറഞ്ഞു.
1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഒരു കാനിഡ് ഷെഡ്യൂള്‍ -2 (പാര്‍ട്ട് -1) ഇനമാണ് ഇന്ത്യന്‍ കുറുക്കന്‍ (കാനസ് ഓറിയസ്) സംരക്ഷിത ഇനമാണ്, അവയെ കൊല്ലാന്‍ പാടില്ല. അതിനാല്‍ വിമാനത്താവളത്തില്‍ കെണികള്‍ സ്്ഥാപിച്ച് പിടികൂടുന്ന കുറുക്കന്‍മാരെ കുറഞ്ഞത് 100 കിലോമീറ്റര്‍ അകലെയുള്ള അനുയോജ്യമായ സ്ഥലങ്ങളിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

