ഖത്തറിലേക്ക് ആയുധം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

Update: 2023-01-01 14:09 GMT

ദോഹ: ഖത്തറിലേക്ക് വാഹനത്തിൽ കടത്താൻ ശ്രമിച്ച തോക്കും 50 ബുള്ളറ്റുകളടങ്ങിയ പെട്ടിയും ഖത്തർ ലാൻഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ പിടിച്ചെടുത്തു. ഡ്രൈവറുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് ആയുധം കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.

കസ്റ്റംസിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പിടിച്ചെടുത്ത തോക്കിന്റെയും ബുള്ളറ്റിന്റെയും ചിത്രങ്ങൾ പങ്കുവെച്ചു.

കഴിഞ്ഞയാഴ്ച 1777 ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമവും കസ്റ്റംസ് തടഞ്ഞിരുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു യാത്രക്കാരന്റെ ബാഗേജിൽ നിന്നാണ് കള്ളക്കടത്ത് പിടികൂടിയത്.