'ജമ്മു കശ്മീരിലേക്കൊരു സാഹസിക യാത്ര'; സമ്പാദ്യപ്പെട്ടി പൊട്ടിച്ച് വീടുവിട്ട മൂന്നു പെണ്‍കുട്ടികളെ പോലിസ് കണ്ടെത്തി

Update: 2025-10-31 10:15 GMT

കാണ്‍പൂര്‍: ജമ്മു കശ്മീരിലേക്ക് പോകാന്‍ വീടുവിട്ട് ഇറങ്ങിയ മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള പന്ത്രണ്ടും പതിമൂന്നും വയസുള്ള മൂന്നു പെണ്‍കുട്ടികളെയാണ് കാണാതായത്.

സ്‌കൂളിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ കുടുക്ക പൊട്ടിച്ചെടുത്ത പണവുമായി യാത്ര തിരിച്ചു. ഒരുമിച്ച് ഓട്ടോറിക്ഷയില്‍ കയറിയതായി കണ്ട അയല്‍ക്കാരന്‍ വിവരം വീട്ടുകാരെ അറിയിക്കുകയും സ്‌കൂളില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ മൂവരും അതേദിവസം സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

തുടര്‍ന്ന് സഹപാഠികളെ ചോദ്യം ചെയ്തപ്പോഴാണ് കാണാതായ കുട്ടികള്‍ നേരത്തെ ജമ്മു കശ്മീരില്‍ യാത്ര പോകുന്നതിനെ കുറിച്ച് പറഞ്ഞിരുന്നതായി അറിയുന്നത്. പെണ്‍കുട്ടികളില്‍ ഒരാള്‍ അമ്മാവന്റെ ഫോണുമായി വീട്ടില്‍ നിന്ന് ഇറങ്ങിയതും പിന്നീട് ഫോണിന്റെ ലൊക്കേഷന്‍ ലക്‌നൗവിലാണെന്നതും അന്വേഷണത്തില്‍ കണ്ടെത്തി. ലക്‌നൗവിലെത്തിയ മൂവര്‍ക്കും ജമ്മുവിലേക്ക് പോകാനിരുന്ന ട്രെയിന്‍ നഷ്ടപ്പെട്ടതോടെ തിരിച്ചുപോവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ബസില്‍ കയറി കാണ്‍പൂരിലേക്ക് മടങ്ങിയെത്തിയ ഇവരെ പോലിസ് കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ചു.

Tags: