അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരുമാസത്തിനിടെ നാലാമത്തെ മരണം
സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷാണ് മരിച്ചത്
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷ്(45)എന്നയാളാണ് മരിച്ചത്. ഇന്നു രാവിലെയാണ് ഇയാളുടെ മരണം സ്ഥിരീകരിച്ചത്. നിലവില്‍ രോഗം ബാധിച്ച 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുണ്ട്. രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രതീഷിന് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി ഇദ്ദേഹം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.
വ്യാഴാഴ്ച മലപ്പുറം സ്വദേശിയായ പത്തു വയസുകാരനും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണുള്ളത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരുമാസത്തിനിടെ നാലാമത്തെ മരണമാണിത്. താമരശ്ശേരി കോരങ്ങാട് സ്വദേശിനിയായ ഒമ്പതു വയസുകാരി, ഓഗസ്റ്റ് 31നു മരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്നു മാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം വേങ്ങര സ്വദേശിനി 52കാരി എന്നിവരാണ് രതീഷിനു മുമ്പ് മരിച്ച മൂന്നുപേര്‍. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മറ്റ് അസുഖങ്ങളുള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
