വിമത എംഎല്‍എമാരെ സ്വാഗതം ചെയ്ത് മിഡ്‌നാപൂരില്‍ അമിത്ഷായുടെ പടുകൂറ്റന്‍ റാലി

Update: 2020-12-19 11:12 GMT

കൊല്‍ക്കൊത്ത: വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരുന്ന എംഎല്‍എമാരെ സ്വാഗതം ചെയ്ത് ബംഗാളിലെ പശ്ചിം മിഡ്‌നാപ്പൂരില്‍ അമിത്ഷായുടെ പടുകൂറ്റന്‍ റാലി. റാലിയെ അഭിസംബോധന ചെയ്ത അമിത് ഷാ തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്കെതിരേ ആഞ്ഞടിച്ചു. ഇപ്പോള്‍ നടക്കുന്നത് ഒരു തുടക്കം മാത്രമാണെന്നും ഏറെ താമസിയാതെ മമതാ ബാനര്‍ജി തനിച്ചാവുമെന്നും ഷാ പറഞ്ഞു.

'എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നത്? മമത ബാനര്‍ജിയുടെ ദുര്‍ഭരണവും അഴിമതിയും സ്വജനപക്ഷപാതവുമാണ് കാരണം. ദീദി, ഇത് ഒരു തുടക്കം മാത്രമാണ്. തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും നിങ്ങള്‍ ഒറ്റയ്ക്കാകും'- അമിത് ഷാ ഭീഷണി മുഴക്കി.

തൃണമൂല്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയ്ക്കു പുറമെ വിവിധ പാര്‍ട്ടികളില്‍ നിന്നായി 9 എംഎല്‍എമാരാണ് ബിജെപിയില്‍ ചേരുന്നത്.

മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ഉന്നത സ്ഥാനത്തെത്തിക്കാനാണ് മമത ശ്രമിക്കുന്നതെന്ന് അധികാരിയും മറ്റൊരു വിമത തൃണമൂര്‍ എംപിയുമായ സുനില്‍ മണ്ഡലും പറഞ്ഞു. മരുമകനെ പുറത്താക്കുകയെന്ന മുദ്രാവാക്യവും അദ്ദേഹം ഉയര്‍ത്തി.

'എനിക്ക് അമിത് ഷായുമായി ദീര്‍ഘകാല ബന്ധമുണ്ട്. എന്നെ ഒരു സഹോദരനെപ്പോലെ ബിജെപി നേതാക്കള്‍ സ്‌നേഹിക്കുന്നു. കൊവിഡ് 19 ബാധിച്ചപ്പോള്‍, ഞാന്‍ ജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത ടിഎംസിയില്‍ നിന്ന് ആരും എന്നെ വിളിച്ചില്ല. എന്നാല്‍ അമിത് ഷാ രണ്ടുതവണ വിളിച്ചു- സുവേന്ദു അധികാരി പറഞ്ഞു.

സുവേന്ദു അധികാരി നവംബര്‍ 27നാണ് കാബിനറ്റില്‍ നിന്ന് രാജിവച്ചത്. ഡിസംബര്‍ 16ന് പാര്‍ട്ടി വിടുകയും ചെയ്തു. സുവേന്ദു അധികാരിയുടെ ബിജെപിയുമായുള്ള ബന്ധം തൃണമൂലിനുളളില്‍ വലിയ രാഷ്ട്രീയകൊടുങ്കാറ്റിനു തന്നെ സാധ്യതയൊരുക്കുമെന്നാണ് കരുതുന്നത്. ബംഗാളില്‍ ഏറെ സ്വാധീനമുള്ള തൃണമൂല്‍ നേതാവാണ് സുവേന്ദു.

പ്രാദേശികവാദമുയര്‍ത്തി എതിരാളികളെ നേരിടുന്ന രീതി ശരിയല്ലെന്നും അത് ശരിയായ രാഷ്ട്രീയമല്ലെന്നും അമിത് ഷാ വിശദീകരിച്ചു. സ്വാതന്ത്ര്യസമര സേനാനികളായ ഖുദിറാം ബോസ്, രാംപ്രസാദ് ബിസ്മില്‍ എന്നിവരുടെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കളെ പരദേശികളായി ചിത്രീകരിക്കുന്നതിനെതിരേയായിരുന്നു അമിത്ഷായുടെ പ്രതികരണം.