അമിത് ഷാ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നു; കേന്ദ്രത്തിനും ബിജെപിക്കുമെതിരേ മമതാ ബാനര്‍ജി

Update: 2021-03-16 13:36 GMT

ബങ്കുറ: കേന്ദ്രസര്‍ക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍പ്പോലും ഇടപെടുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്ര സര്‍ക്കാരും ബിജെപിയും തനിക്കും തന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിനുമെതിരേ ഗൂഢാലോചന നടത്തുകയാണെന്നും മുഖ്യമന്ത്രി മമത ആരോപിച്ചു.

മാസങ്ങളായി സമരം ചെയ്യുന്ന കര്‍ഷകരെ കാണാന്‍ അമിത്ഷായ്ക്കും ബിജെപി മന്ത്രിമാര്‍ക്കും സമയമില്ല. എന്നാല്‍ എല്ലാ മന്ത്രിമാരും ബംഗാളില്‍ ഹോട്ടല്‍ മുറികളെടുത്ത് കിടപ്പാണ്. തന്നെയും തൃണമൂലിനെയും എങ്ങനെയെങ്കിലും തകര്‍ക്കുയാണ് ലക്ഷ്യം. അതിനുവേണ്ടി ബിജെപിയും കേന്ദ്രവും ഗൂഢാലോചന നടത്തുകയാണെന്നും മമത ആരോപിച്ചു.

മോദി സ്‌റ്റേഡിയം നിര്‍മിച്ച് സ്വന്തം പേര് നല്‍കിയതിനെയും മമത പരിഹസിച്ചു. മോദി സ്‌റ്റേഡിയം നിര്‍മിച്ച് തന്റെ പേര് ഇടുന്നു. നാളെ റോഡ് നിര്‍മിച്ച് അതിനും പേരിടും. ഭാരതമെന്ന പേര്‍ അധികകാലമുണ്ടാവില്ല. ആദ്യം ഡല്‍ഹി ഭരിക്കാന്‍ പഠിക്കണമെന്നും അതുകഴിഞ്ഞുമതി ബംഗാള്‍ ആലോചിക്കുന്നതെന്നും മമത പറഞ്ഞു.

ബംഗൂറയില്‍ നടന്ന തൃണമൂല്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി. വീല്‍ ചെറിലിരുന്നാണ് മമത റാലിയെ അഭിസംബോധന ചെയ്തത്.

Tags: