കൊവിഡ് 19: ഉപഭോക്താക്കള്‍ക്ക് സിബ് വച്ച മാസ്‌ക്ക് നല്‍കി കൊല്‍ക്കൊത്തയിലെ ഹോട്ടല്‍

Update: 2020-10-19 01:29 GMT

കൊല്‍ക്കൊത്ത: കൊവിഡ് വ്യാപനത്തെ നേരിടാന്‍ വ്യത്യസ്തമായ ഉപാധിയുമായി കൊല്‍ക്കൊത്തയിലെ ഹോട്ടല്‍. എല്ലാ ഉപഭോക്താക്കള്‍ക്കും സിബ് വച്ച മാസ്‌ക്കുകള്‍ നല്‍കിയാണ് ഹോട്ടല്‍ ഉമകള്‍ കൊവിഡ് പ്രതിരോധത്തില്‍ പുതുമ കൊണ്ടുവന്നത്.

ഹോട്ടലിലേക്ക് കടക്കും മുമ്പു തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു ജീവനക്കാരന്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്യും. അവിടെ വച്ചുതന്നെ അത് ധരിക്കാം. അതോടെ സീറ്റിലിരുന്ന് മാസ്‌ക്കുകള്‍ നീക്കം ചെയ്യേണ്ട ആവശ്യമില്ലാതാവും.

നഗരത്തിലെ വോക്കിസ് 2ഡി തീം റസ്റ്ററന്റ് ഉടമ സൊമൊശ്രീ സെന്‍ഗുപ്ത സൗജന്യമായാണ് മാസ്‌ക്കുകള്‍ വിതരണം ചെയ്യുന്നത്. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഇതെന്നും അവര്‍ പറഞ്ഞു.

കൊവിഡ് കാലത്ത് മാസ്‌ക്കുകള്‍ ധരിക്കുന്നത് സ്വന്തം സുരക്ഷയ്ക്കും സമൂഹത്തിന്റെ സുരക്ഷയ്ക്കും അത്യാവശ്യമാണ്. ഹോട്ടലുകള്‍ തുറക്കാന്‍ അനുവദിച്ചതില്‍ ഞങ്ങള്‍ സര്‍ക്കാരിനോട് നന്ദി പറയുന്നു. ഭക്ഷണം കഴിക്കുന്ന സമയത്തു പോലും ധരിക്കാവുന്ന മാസ്‌ക്കാണ് ഞങ്ങള്‍ വിതരണം ചെയ്യുന്നത്. അതില്‍ ഒരു സിബ് പിടിപ്പിച്ചിട്ടുണ്ട്. ആവശ്യമുള്ളപ്പോള്‍ അത് തുറന്ന് ഭക്ഷണം കഴിക്കാം- സെന്‍ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

മാസ്‌ക്കുകള്‍ സൗജ്യമാണ് പക്ഷേ, അത് ധരിക്കണമോ എന്നത് ഉപഭോക്താക്കളാണ് തീരുമാനിക്കേണ്ടത്-അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച ശേഷം സപ്തംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതിനല്‍കിയത്. നിലവില്‍ 50 ശതമാനം സീറ്റില്‍ മാത്രമേ ഉപഭോക്താക്കളെ ഇരിക്കാന്‍ അനുവദിക്കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ബംഗാളില്‍ 33,121 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. 2,77,940 പേര്‍ രോഗമുക്തരായി. 6000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

Tags:    

Similar News