പ്ലാസ്മ വില്‍പ്പനയ്ക്കുവച്ച് അമേരിക്കന്‍ ദരിദ്രര്‍; പ്ലാസ്മ വിറ്റഴിക്കാന്‍ മാത്രം ബോധപൂര്‍വം കൊവിഡ് പിടിപ്പിച്ചത് നിരവധി വിദ്യാര്‍ത്ഥികളെന്നും റിപോര്‍ട്ട്

Update: 2020-10-22 04:50 GMT

ന്യൂയോര്‍ക്ക്: കൊവിഡ് അമേരിക്കയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പാക്കിയ ലോക്ക് ഡൗണും അതുമായി ബന്ധപ്പെട്ട് രൂപ്പെട്ട സാമ്പത്തിക തകര്‍ച്ചയും ദരിദ്രരെയാണ് കൂടുതല്‍ ബാധിച്ചത്. കോടിക്കണക്കിന് പേരെ അക്ഷരാര്‍ത്ഥത്തില്‍ കൊവിഡ് പട്ടിണിയിലേക്ക് തള്ളിവിട്ടു.

അതിന് പരിഹാരമായി അമേരിക്കന്‍ ദരിദ്രര്‍ കണ്ടെത്തിയ പുതിയ മാര്‍ഗമാണ് പ്ലാസ്മ വില്‍പ്പന. വന്‍കിട പ്ലാസ്മ കമ്പനികള്‍ക്ക് പ്ലാസ് വിറ്റ് 100 ഡോളറാണ് ഒരാള്‍ ആഴ്ചയില്‍ സമ്പാദിക്കുന്നതത്രെ. നിരന്തരമായ പ്ലാ്‌സ്മ വില്‍പ്പനയിലൂടെ സ്വന്തം ആരോഗ്യം തന്നെ അപകടത്തിലായ അമേരിക്കക്കാരുടെ വിവരം പുറത്തുകൊണ്ടുവന്നത് അമേരിക്കന്‍ മാധ്യമമായ ഗാര്‍ഡിയനാണ്.

പ്ലാസ്മ വില്‍ക്കുന്നത് പല വികസ്വര രാജ്യങ്ങളിലും നിയമപരമല്ലെങ്കിലും അമേരിക്കയില്‍ അത് നിയമവിധേയമാണ്. പ്ലാസ്മ വില്‍പ്പന നേരത്തെയും അമേരിക്കയിലുണ്ടെങ്കിലും കൊവിഡ് കാലത്ത് അത് ശക്തമായതായാണ് റിപോര്‍ട്ട്. പല ഗുരുതരമായ രോഗങ്ങള്‍ക്കും പ്ലാസ്മാ ചികില്‍സ ഉപയോഗപ്രദമാണ്.

സാധാരണ ആഴ്ചയില്‍ ഒരാള്‍ക്ക് രണ്ട് തവണ പ്ലാസ്മ വില്‍ക്കാനാണ് അനുമതിയുള്ളത്. ഒരു തവണ പ്ലാസ്മ ശേഖരിക്കാന്‍ 90 മിനിറ്റ് വേണ്ടിവരും. ഒരു തവണ പ്ലാസ്മ വിറ്റാല്‍ 30-50 ഡോളര്‍ വരെ ലഭിക്കും. അങ്ങനെ രണ്ട് തവണ വിറ്റാല്‍ 100 ഡോളറോളം ലഭിക്കും. അമേരിക്കയിലെ മിനിമം കൂലിയേക്കാള്‍ മുകളിലാണ് ഈ തുകയെന്ന് പ്ലാസ്മ വില്‍പ്പനയുടെ വിവരം പുറത്തുകൊണ്ടുവന്ന അര്‍വ മഹ്ധവി പറഞ്ഞു.

ലോകത്തെ പ്ലാസ്മ കയറ്റുമതിയുടെ 70 ശതമാനവും അമേരിക്കയാണ് നിയന്ത്രിക്കുന്നത്. അമേരിക്കയുടെ പ്ലാസ്മ വ്യാപാരം ഒപക് രാജ്യങ്ങളുടെ എണ്ണ വില്‍പ്പനപോലെയാണെന്നാണ് പരിഹാസപൂര്‍വം മഹ്ധവി വിശേഷിപ്പിച്ചത്.

അതോടൊപ്പം പ്ലാസ്മ വില്‍ക്കാന്‍ വേണ്ടി മാത്രം നിരവധി വിദ്യാര്‍ത്ഥികള്‍ സ്വമേധയാ കൊവിഡ് ബാധിതരായ വിവരവും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിയാം യംഗ് സര്‍വകലാശാലാ കാമ്പസിലെ നിരവധി വി്ദ്യാര്‍ത്ഥികളാണ് ദാരിദ്ര്യം മാറ്റാന്‍ സ്വയം കൊവിഡ് ബാധിതരായത്.