അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ വെടിവയ്പ്പ്; രണ്ടുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
വാഷിങ്ടണ്‍: അമേരിക്കയിലെ റോഡ് ഐലന്‍ഡ് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ബ്രൗണ്‍ സര്‍വകലാശാല ക്യാംപസില്‍ ഉണ്ടായ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് വെടിയേറ്റതായാണ് റിപോര്‍ട്ട്. വൈകുന്നേരം 4.15ഓടെ സര്‍വകലാശാല അധികൃതര്‍ അടിയന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിദ്യാര്‍ഥികളും ജീവനക്കാരും സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ ശബ്ദമില്ലാതെ സൂക്ഷിക്കണമെന്നും നിര്‍ദേശം നല്‍കി.
ആദ്യഘട്ടത്തില്‍ അക്രമിയെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചെങ്കിലും പിന്നീട് ഈ വിവരം തിരുത്തുകയായിരുന്നു. അക്രമി കസ്റ്റഡിയില്‍ ഇല്ലെന്നും തിരച്ചില്‍ തുടരുകയാണെന്നും പോലിസ് വ്യക്തമാക്കി. സംഭവത്തില്‍ എഫ്ബിഐ ഉള്‍പ്പെടെയുള്ള ഫെഡറല്‍ ഏജന്‍സികള്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംഭവത്തില്‍ പ്രതികരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും, അക്രമിയെ കസ്റ്റഡിയിലെടുത്തെന്ന ആദ്യ റിപോര്‍ട്ട് ശരിയല്ലെന്നും പിന്നീട് വ്യക്തമാക്കി. ക്യാംപസില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.