അമീബിക് മസ്തിഷ്‌കജ്വരം; 2013ലെ പഠന റിപോര്‍ട്ട് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെന്ന മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

Update: 2025-09-15 05:53 GMT

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗം ഡോക്ടര്‍ 2013ല്‍ അമീബിക് മസ്തിഷ്‌കജ്വരത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ റിപോര്‍ട്ട് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെന്ന മന്ത്രി വീണാ ജോര്‍ജിന്റെ സമൂഹമാധ്യമ കുറിപ്പിനെതിരേ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തി. മന്ത്രിയുടെ കുറിപ്പ് കണ്ട ഡോക്ടര്‍മാരും സാമൂഹികാരോഗ്യ പ്രവര്‍ത്തകരുമായ ചിലര്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് 2018ല്‍ ആണെന്നും ചൂണ്ടിക്കാട്ടുകയും അന്ന് കെ കെ ശൈലജയായിരുന്നു ആരോഗ്യമന്ത്രി എന്നും വ്യക്തമാക്കി.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വെട്ടിലായി ആരോഗ്യ മന്ത്രി! പഠനറിപ്പോര്‍ട്ടിലും അബദ്ധം പിണഞ്ഞു ആരോഗ്യ മന്ത്രി!??

അമീബയുമായി ബന്ധപ്പെട്ട് 2013-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടേഴ്സ് നടത്തിയ ഒരു പഠനത്തെക്കുറിച്ച് കഴിഞ്ഞദിവസം ഞാന്‍ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. മുന്നിലെത്തിയ കേസുകളില്‍ നിന്ന് അവര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍, പഠനങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. കിണറുകളിലെ അമീബയും അവയുണ്ടാക്കുന്ന രോഗവും സംബന്ധിച്ച അവരുടെ നിഗമനങ്ങളാണ് എന്നില്‍ പ്രത്യേകിച്ച് വിസ്മയം ഉണ്ടാക്കിയത്. അന്ന്, 2013-ല്‍ സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ല. അന്ന് അത് ഒരു ഫയല്‍ പോലും ആയില്ല എന്ന് മനസ്സിലാക്കുന്നു. പലകാരണങ്ങളാല്‍ ഈ പഠനം പിന്നീട് തുടരാന്‍ ഡോക്ടര്‍സിന് കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പഠനം ഒരു ജേര്‍ണലിലേക്ക് അവര്‍ അയച്ചു കൊടുത്തു. ജേര്‍ണല്‍ അത് പ്രസിദ്ധീകരിച്ചു. ആ ജേര്‍ണലോ, അതില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോ സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് വരുന്ന ഒന്നല്ല. സര്‍ക്കാരുമായി ഒരു ബന്ധവും ഉള്ളതുമല്ല. നൂറുകണക്കിന് ജേര്‍ണലുകള്‍ അങ്ങനെ പല സംഘടനകളും പ്രസിദ്ധീകരിക്കുന്നുണ്ട് .ഈ വിഷയത്തില്‍ താല്പര്യമുള്ള, അത്രയും അക്കാദമിക് താല്പര്യമുള്ള ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ മാത്രമേ ജേര്‍ണലുകളിലെ ലേഖനങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് വരികയുള്ളു. എന്നാല്‍ 2013-ല്‍ സര്‍ക്കാരിനെ നേരിട്ട് അറിയിച്ചതില്‍ നടപടി എടുത്തില്ല എന്നത് പ്രശ്‌നം അല്ല! സര്‍ക്കാരിന് അറിവില്ലാത്ത, സര്‍ക്കാരുമായി ഒരു ബന്ധവുമില്ലാത്ത ഒരു ജേര്‍ണലില്‍ 2018-ല്‍ വന്ന റിപ്പോര്‍ട്ടില്‍ (പല ജേര്‍ണലുകളില്‍ വരുന്ന എല്ലാ റിപ്പോര്‍ട്ടുകളും എല്ലാ ഗവേഷകരും എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കാണണമെന്നില്ല) കഴിഞ്ഞ സര്‍ക്കാര്‍ നടപടി എടുത്തില്ല എന്നതാണ് പ്രശ്‌നം!

2013-ലെ ഒരു അക്കാഡമിക് കോണ്‍ഫെറെന്‍സില്‍ ഈ പഠനത്തിന്റെ പ്രസന്റേഷന്‍ അന്ന് ഡോക്ടേഴ്സ് അവതരിപ്പിച്ചത് ചേര്‍ക്കുന്നു. അവസാന ഭാഗം ഒന്ന് ശ്രദ്ധിച്ചാല്‍ കേള്‍ക്കാം,ഹെല്‍ത്ത് ഹസാഡ് വാണിംഗ് അന്ന് കൊടുത്തിരുന്നു.

ഫലപ്രദമായ നടപടികള്‍ വേണം എന്ന് ഉന്നത അധികാരികളെ അറിയിച്ചിരുന്നു .

'' ഇങ്ങനെ ഒക്കെ ആണെങ്കിലും സാരമില്ല സത്യം പറയേണ്ട. നമ്മുടെ കണ്‍ക്ലൂഷന്‍ ഇങ്ങനെ ആകാം 'ആരോഗ്യ മന്ത്രി വെട്ടിലായി '??

Tags: