അമീബിക് മസ്തിഷ്‌ക ജ്വരം; ചികില്‍സാമാര്‍ഗരേഖ ആദ്യം പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി

Update: 2025-09-17 10:47 GMT

തിരുവനന്തപുരം: എല്ലാ ജലസ്രോതസുകളിലും അമീബയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അപൂര്‍വമായി മാത്രം മനുഷ്യരില്‍ ഉണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരമെന്നും ഈ രോഗത്തിന് ചികില്‍സാ മാര്‍ഗരേഖ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കേരളമാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

രോഗപ്രതിരോധം, രോഗനിര്‍ണയം, ചികില്‍സ എന്നിവയെക്കുറിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങളുള്ള സാങ്കേതിക മാര്‍ഗരേഖ കേരളത്തിനുണ്ട്. രോഗം പകരാന്‍ സാധ്യതയുള്ള കുളം, പുഴ, തടാകം, സ്വിമ്മിങ് പൂള്‍, ടാപ്പിലെ വെള്ളം, കനാല്‍, വാട്ടര്‍ ടാങ്ക് തുടങ്ങി എല്ലാ ജല ഉറവിടങ്ങളെക്കുറിച്ചും ഇതില്‍ ശാസ്ത്രീയമായി വിശദീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന് പുറമെ മറ്റ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഏകാരോഗ്യ കര്‍മ്മ പദ്ധതി (One Health Action Plan) കേരളത്തിനുണ്ട്. ലോകത്തില്‍ തന്നെ ഇത്തരത്തിലൊരു സംവിധാനം ആദ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2016ലാണ് ആദ്യ കേസ് റിപോര്‍ട്ട് ചെയ്തതെന്ന് പറയുന്നത് ശരിയാണ്. അന്നാണ് കൃത്യമായ പരിശോധനയിലൂടെ കണ്ടെത്തിയത്. മരണം സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നുള്ളത് 70 ശതമാനവും നമ്മുടെ രാജ്യത്ത് കണ്ടെത്തിയിട്ടില്ല. എല്ലാ മസ്തിഷ്‌ക ജ്വര കേസുകളും കൃത്യമായി റിപോര്‍ട്ട് ചെയ്യണമെന്ന് 2023 മുതല്‍ നിര്‍ദേശമുണ്ട്. ഏത് ജില്ലയിലാണെങ്കിലും പരിശോധിക്കാന്‍ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ടതില്ല. ഏത് അമീബയാണെന്ന് കണ്ടെത്താനുള്ള പിസിആര്‍ ടെസ്റ്റ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വികസിപ്പിച്ചെടുത്തതെന്നും ഇത് നേരത്തെ ഉണ്ടായിരുന്നില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഹരിത കേരള മിഷന്‍ 14 ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുന്ന രേഖ പ്രസിദ്ധീകരിച്ചതായും മന്ത്രി സഭയെ അറിയിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് ഗൈഡ്ലൈന്‍ രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും ടെക്നിക്കല്‍ ഗൈഡ് ലൈന്‍ അടക്കം രൂപീകരിച്ചിട്ടുണ്ടെന്നും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പിപിഇ കിറ്റിന്റെ പേരിലടക്കം ആരോപണങ്ങള്‍ ഉന്നയിക്കുകയല്ലാതെ, ക്രിയാത്മകമായ ഒരു നിര്‍ദ്ദേശവും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 12 ശതമാനം ആയിരുന്ന ശിശുമരണ നിരക്ക് അഞ്ച് ശതമാനമായി കുറക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു.

Tags: