ഡാറ്റ സംരക്ഷണ ബില്‍: പാര്‍ലമെന്റ് സംയുക്ത സമിതിയില്‍ ഹാജരാവാന്‍ വിസമ്മതിച്ച് ആമസോണ്‍
ന്യൂഡല്‍ഹി: വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്‍, 2019 പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്റ് സമിതിയുടെ മുമ്പാകെ ഹാജരാവാന്‍ ആമസോണ്‍ വിസമ്മതിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ഈ തീരുമാനം പാര്‍ലമെന്ററി സമിതിയുടെ അവകാശത്തിന്മേലുള്ള ലംഘനമാണെന്നും ഇതിന് കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും സമിതി അധ്യക്ഷ ബിജെപി എംപി മീനാക്ഷി ലേഖി വ്യക്തമാക്കി. ആമസോണിനെതിരെ സ്വമേധയാന നടപടി സ്വീകരിക്കണം എന്നകാര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയിലെ എല്ലാ അംഗങ്ങള്‍ക്കും യോജിപ്പായിരുന്നുവെന്ന് മീനാക്ഷി ലേഖി അറിയിച്ചു.
ഒക്ടോബര്‍ 28നകം സമിതിക്ക് മുന്നില്‍ ഹാജരാകണം എന്നാണ് ആമസോണിനോട് ആവശ്യപ്പെട്ടിരുന്നത്. ഹാജരാകുന്നില്ലെങ്കില്‍, ആമസോണിനെതിരെ ''നിര്‍ബന്ധിത നടപടി ആരംഭിക്കും'' എന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പ്രാപ്തരായ തങ്ങളുടെ വിദഗ്ധരെല്ലാം വിദേശത്താണെന്നും നിലവിലെ സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ആമസോണ്‍ അറിയിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രകടിപ്പിച്ച ആശങ്കകളെ തുടര്‍ന്നാണ് 2019- ലെ വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്‍ പരിശോധിക്കുന്ന സമിതി, അവലോകനത്തിനായി ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള കമ്പനികളെ വിളിപിച്ചത്. ഇന്ന് സമിതിക്ക് മുമ്പാകെ ഫേസ്ബുക്ക് പ്രതിനിധികള്‍ഹാജരാവികയും ചെയ്തിരുന്നു. ഫേസ്ബുക്ക് പബ്ലിക് പോളിസി തലവന്‍ അങ്കി ദാസും ബിസിനസ് ഹെഡ് അജിത് മോഹനുമാണ് സമിതിക്ക് മുമ്പാകെ എത്തിയത്. ഇവരോട് രണ്ട് മണിക്കൂറോളം സമിതി വിവരങ്ങള്‍ ആരാഞ്ഞുവെന്നാണ് റിപോര്‍ട്ട്. ഗൂഗ്‌ളിനോടും പേടിഎമ്മിനോട് സമിതി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്‌ടോബര്‍ 29ന് ഇവര്‍ ഹാജരാവണമെന്നാണ് നിര്‍ദേശം.
