അമര്‍നാഥ് മേഘവിസ്‌ഫോടനം: രക്ഷാപ്രവര്‍ത്തനവുമായി വ്യോമസേന ഹെലികോപ്റ്ററുകള്‍; 21 പേരെക്കൂടി രക്ഷപ്പെടുത്തി

Update: 2022-07-09 11:57 GMT

ശ്രീനഗര്‍: അമര്‍നാഥില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ കുടുങ്ങിയ 21 പേരെക്കൂടി വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ മുതലാണ് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. ദുരന്തത്തില്‍ ഇതുവരെ 16 പേര്‍ മരിച്ചു.

'അമര്‍നാഥിലെ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകളെ നിയോഗിച്ചിട്ടുണ്ട്. എംഐ17വി5 ഹെലികോപ്റ്ററുകളിലാണ് രക്ഷാപ്രവര്‍ത്തകര്‍ ഏര്‍പ്പെടുന്നത്. വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് 21 പേരെ രക്ഷപ്പെടുത്തി. ഹെലികോപ്റ്ററുകളില്‍ ആറ് മൃതദേഹങ്ങള്‍ ബേസ് ക്യാമ്പിലെത്തിച്ചിട്ടുണ്ട്'- വ്യോമസേന അധികൃതരെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഇതുവരെ 40 പേരെ കാണാതായിട്ടുണ്ട്. 15,000 പേരെ സുരക്ഷിതസ്ഥാനത്തെത്തിച്ചു.

ഇന്ത്യന്‍ ആര്‍മി, എസ്ഡിആര്‍എഫ്, സിആര്‍പിഎഫ് തുടങ്ങിയവയിലെ അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണെന്ന് എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാളിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. വൈകീട്ട് അഞ്ചരയോടെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയി. നിരവധിപേര്‍ പലയിടങ്ങളിലായി കുടുങ്ങി കിടക്കുന്നതായാണ് വിവരം.

ഗുഹയുടെ മുകളില്‍ നിന്നും വശങ്ങളില്‍ നിന്നുമുണ്ടായ കുത്തൊഴുക്കില്‍ നിരവധി പേര്‍ ഒലിച്ചുപോയതായി കരുതുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.