കെ റെയിലിന് ബദല്‍: ഉമ്മന്‍ ചാണ്ടിയുടെ സബര്‍ബന്‍ ആശയവും റെയില്‍വെ ബോര്‍ഡ് അനുമതി നിഷേധിച്ച പദ്ധതി
സില്‍വര്‍ ലൈനിനെതിരായ വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടിയായാണ് സബര്‍ബന്‍ റെയിലിനെ ഉമ്മന്‍ചാണ്ടി മുന്നോട്ട് വച്ചത്
തിരുവനന്തപുരം: കെ റെയിലിന് ബദലായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്നോട്ട് വച്ച സബര്‍ബന്‍ ആശയവും റെയില്‍വെ ബോര്‍ഡ് നിരാകരിച്ച പദ്ധതി. നിലവിലെ റെയില്‍വെ പാളം വികസിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിലായിരുന്നു എതിര്‍പ്പ്. കെ റെയിലിന് ബദലായി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സബര്‍ബന്‍ പദ്ധതി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും പരിസ്ഥിതി വിദഗ്ധര്‍ എതിര്‍ക്കുകയാണ്. കെ റെയിലിനെതിരെ യുഡിഎഫും പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളും ശക്തമായി നിലയുറപ്പിക്കുമ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ കാലത്തെ സബര്‍ബന്‍ ആശയം ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചത്.
അതേസമയം, യുഡിഎഫില്‍ ഉമ്മന്‍ ചാണ്ടി മാത്രമാണ് ഈ പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നത്.
സില്‍വര്‍ ലൈനിനെതിരായ എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടിയായാണ് സബര്‍ബന്‍ റെയിലിനെ ഉമ്മന്‍ചാണ്ടി മുന്നോട്ട് വച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടമായി തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ യാത്ര ലക്ഷ്യമിട്ടായിരുന്നു യുഡിഎഫ് കാലത്തെ പദ്ധതി. പിന്നാലെ കണ്ണൂര്‍ വരെ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ കേന്ദ്ര റെയില്‍വെ ബോര്‍ഡ് ഇതില്‍ എതിര്‍പ്പ് അറിയിച്ചു. നിലവിലെ പാതയില്‍ പുതിയ പദ്ധതി പറ്റില്ല എന്നായിരുന്നു മറുപടി.
പുതിയ പാത നിര്‍മ്മിച്ച് പദ്ധതി സാധ്യമാക്കുന്നതിനെ കുറിച്ചാണ് ഉമ്മന്‍ ചാണ്ടി വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. എന്നാല്‍ സബര്‍ബന്‍ പദ്ധതിയെ കെ റെയില്‍ വിരുദ്ധ സമര സമിതി പൂര്‍ണമായി എതിര്‍ക്കുന്നില്ല. 10000 കോടി ചെലവില്‍ പരമാവധി ഭൂമിയേറ്റെടുക്കല്‍ ഒഴിവാക്കിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പദ്ധതി വിഭാവനം ചെയ്തത്. 300 ഏക്കറില്‍ താഴെ മാത്രമാണ് അന്ന് ഭൂമി ഏറ്റെടുക്കല്‍ കണക്കാക്കിയത്.
