സുദര്‍ശന്‍ ടിവി മാധ്യമപ്രവര്‍ത്തകന്റെ പരാതിയില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Update: 2022-07-11 13:10 GMT

ലഖിംപൂര്‍: സുദര്‍ശന്‍ ടിവി മാധ്യമപ്രവര്‍ത്തകന്‍ ആഷിഷ് കത്യാറിന്റെ പരാതിയില്‍ ആള്‍ട്ട്‌ന്യൂസ് മാധ്യമപ്രവര്‍ത്തകനും സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെ യുപി കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കയച്ചു. യുപിയിലെ ലഖിംപൂര്‍ ഖേരി കോടതിയാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സുബൈറിനെതിരേ കേസെടുത്തത്. സുബൈറിന്റെ ജാമ്യഹരജി നാളെ കോടതി പരിഗണിക്കും. ഇപ്പോള്‍ സുബൈര്‍ ഡല്‍ഹിയില്‍ ജുഡീഷ്യല്‍ കസ്റ്റിഡിയിലാണ് ഉള്ളത്.

ജൂണ്‍ 27നാണ് മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഡല്‍ഹി പോലിസ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

സീതാപൂരില്‍ ചുമത്തിയ സമാനമായകേസില്‍ സുബൈറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. അതിനുപിന്നാലെയാണ് ലഖിംപൂര്‍ ഖേരി കോടതി സമന്‍സ് അയച്ചത്.

സീതാപൂര്‍ ജില്ലയില്‍ ചുമത്തിയ കേസിലാണ് സുപ്രിംകോടതി സുബൈറിന് ഇടക്കാല ജാമ്യം നല്‍കിയത്. ഡല്‍ഹി കോടതിയില്‍ മറ്റൊരു കേസുളളതുകൊണ്ട് അദ്ദേഹത്തിന് ജയില്‍മോചിതനാവാന്‍ കഴിഞ്ഞില്ല.

സ്വകാര്യ ചാനലായ സുദര്‍ശന്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ ആഷിഷ് കത്യാറാണ് നവംബര്‍25, 2021ന് ലഖിംപൂര്‍ ഖേരി കോടതിയില്‍ ഹരജി നല്‍കിയത്. 295 എ അടക്കമുളള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

ഇസ്രായേല്‍ ഫലസ്തീന്‍ പ്രശ്‌നത്തില്‍ സുദര്‍ശന്‍ ടിവ നടത്തിയ ഒരു വാര്‍ത്തയെക്കുറിച്ചുള്ള ട്വീറ്റാണ് കേസിനിടയായത്.

Tags: