'തീരുമാനിക്കാന്‍ 24 മണിക്കൂര്‍ സമയം അനുവദിക്കുന്നു': ഡല്‍ഹി വായുമലിനീകരണ പ്രശ്‌നത്തില്‍ അന്ത്യശാസനം നല്‍കി സുപ്രിംകോടതി

Update: 2021-12-02 07:13 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം ഗുരുതരമായി തുടരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ തന്ന വാക്കുകള്‍ പാഴായിപ്പോയതില്‍ അസഹ്യത പ്രകടിപ്പിച്ച് സുപ്രിംകോടതി. കോടതിയില്‍ നല്‍കിയ എല്ലാ ഉറപ്പുകളും പാഴായിപ്പോയെന്നും മലിനീകരണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കോടതി കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി. മാത്രമല്ല, കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും കോടതി ഈ വിഷയത്തില്‍ അന്ത്യശാസനം നല്‍കുകയും ചെയ്തു.

ഒന്നും ചെയ്യുന്നില്ലെന്നാണ് കോടതിക്ക് തോന്നുന്നത്. വായുമലിനീകരണം വര്‍ധിച്ചുവരുന്നു. സമയം പാഴാക്കുകയാണ്- ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയാണ് ഡല്‍ഹി വായുമലിനീകരത്തിന്റെ പ്രശ്‌നത്തില്‍ സുപ്രിംകോടതി വാദം കേട്ടത്.

വായുമലിനീകരണം കുറച്ചില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും 24 മണിക്കൂര്‍ സമയം നല്‍കുന്നുവെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ ദീപാവലിക്കു ശേഷമാണ് ഡല്‍ഹിയില്‍ വായുമലിനീകരണം വര്‍ധിക്കാന്‍ തുടങ്ങിയത്. വയല്‍ കത്തിക്കലാണ് പ്രധാന കാരണമെന്ന അഭിപ്രായമുണ്ടെങ്കിലും വാഹന, വ്യവസായ മലിനീകരണം കുറവല്ലാത്ത പങ്ക് വഹിക്കുന്നു. ഇത് പെട്ടെന്ന് ഇല്ലാതാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

മുതിര്‍ന്നവര്‍ വീട്ടിലിരുന്നു ജോലി ചെയ്യുമ്പോള്‍ സ്‌കൂള്‍ കുട്ടികളുടെ ക്ലാസുകള്‍ തുറന്നതിനെ കോടതി പരിഹസിച്ചു. നിങ്ങളെ നോക്കാന്‍ ഒരാളെ വയ്‌ക്കേണ്ടിവരുമോയെന്നുപോലും കോടതി ചോദിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറന്നത്.

വാഹനങ്ങളുടെ നഗരത്തിലേക്കുള്ള പ്രവേശനവും വ്യവസാശാലകളുടെ പ്രവര്‍ത്തനവും സംബന്ധിച്ച വിവരങ്ങളും കോടതി ആരാഞ്ഞു.

പുതുതായി രൂപം കൊടുത്ത കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഇന്‍ നാഷണല്‍ കാപ്പിറ്റല്‍ റീജ്യന്‍ ആന്റ് അഡ്‌ജോയനിങ് ഏരിയക്ക് വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപടിയെടുക്കാന്‍ അധികാരമില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. ശിക്ഷാധികാരമില്ലെങ്കില്‍ നിയമം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags:    

Similar News