മന്ത്രിപ്പണി നിര്‍ത്തിവച്ച് തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് ആരോപണം; തെലങ്കാന ധനമന്ത്രിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Update: 2021-10-18 08:58 GMT

ഹൈദരാബാദ്: മന്ത്രിയെന്ന നിലയിലുളള എല്ലാ ജോലിയും നിര്‍ത്തിവച്ച് ധനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുകിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഓള്‍ ഇന്ത്യ കിസാന്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ എം കോതണ്ഡ റെഡ്ഡിയാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. മന്ത്രി കഴിഞ്ഞ ഒരു മാസമായി ധനമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഹുസൂര്‍ബാദ് നിയമസഭാ മണ്ഡലത്തിലാണ് ധനമന്ത്രി ഹരിഷ് റാവു പ്രചാരണവുമായി കറങ്ങിനടക്കുന്നത്.

ഒരു മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിനെയും വോട്ടര്‍മാരെയും സ്വാധീനിക്കുമെന്നും അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെങ്കില്‍ രാജി വച്ച് അത് ചെയ്യാമെന്നും അത്തരമൊരു നിര്‍ദേശം ടി എന്‍ ശേഷന്‍ കമ്മീഷ്ണറായിരുന്ന സമയത്ത് മുന്നോട്ട് വച്ചിരുന്നെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ഹരിഷ് റാവു ഒന്നുകില്‍ രാജിവച്ച് പ്രചാരണത്തിനിറങ്ങണമെന്നും കമ്മീഷന്‍ അതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News