യുപിയില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ദലിത് സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍; ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് കുടുംബം

Update: 2022-09-15 01:51 GMT

ലഖിംപൂര്‍ഖേരി: യുപിയിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ദലിത് സഹോദരിമാരെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ലഖിംപൂര്‍ ഖേരി ജില്ലയിലെ നിഘസന്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ലാല്‍പൂര്‍ മജ്‌ര തമോലി പൂര്‍വ ഗ്രാമത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.

സംഭവത്തില്‍ പ്രതിഷേധിച്ചും നീതി ആവശ്യപ്പെട്ടും പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും ഹൈവേ തടഞ്ഞു.

പെണ്‍കുട്ടികളെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് നിഖാസന്‍ ക്രോസിങ്ങില്‍ നടത്തിയ പ്രതിഷേധത്തില്‍ കുടുംബം ആരോപിച്ചു.

ലഖിംപൂര്‍ ഖേരി എസ് പി സന്‍ജീവ് സുമനും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും പ്രതിഷേധം നടക്കുന്നിടത്തെത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് വാഗ്ദാനം ചെയ്തു.

ഗ്രാമത്തിനു പുറത്തെ വൃക്ഷത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഐജി ലക്ഷ്മി സിങ് പറഞ്ഞു. മൃതദേഹത്തില്‍ മറ്റ് പരിക്കുകളൊന്നുമില്ല.

പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെങ്കിലും റിപോര്‍ട്ട് എത്തിയിട്ടില്ല. അതിനുശേഷം മാത്രമേ എന്തെങ്കിലും നിഗമനത്തിലെത്താന്‍ കഴിയൂ എന്ന് ഐ ജി പറഞ്ഞു.

പ്രതിഷേധം അവസാനിപ്പിച്ച് സഹകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ഗ്രാമീണരോട് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതായി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സംഭവത്തെ പ്രിയങ്കാ ഗാന്ധി വദ്ര അപലപിച്ചു.

'ലഖിംപൂരില്‍ (യുപി) രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവം ഹൃദയഭേദകമാണ്. ആ പെണ്‍കുട്ടികളെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. എല്ലാ ദിവസവും പത്രങ്ങളിലും ടിവിയിലും തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നതുവഴി ക്രമസമാധാനം മെച്ചപ്പെടില്ല. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ യുപിയില്‍ വര്‍ധിക്കുന്നുണ്ടോ?'- പ്രിയങ്ക പറഞ്ഞു.