ഫീസ് കുടിശ്ശിക വരുത്തിയ വിദ്യാര്‍ത്ഥിയുടെ തുടര്‍പഠനം മുടങ്ങിയെന്ന് ആരോപണം; സകൂളുകള്‍ക്ക് മുന്നറിയിപ്പുമായി ബാലാവകാശ കമ്മീഷന്‍

Update: 2021-06-29 16:27 GMT

തിരുവനന്തപുരം: അദ്ധ്യയന വര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരിക്കുന്നതും പരീക്ഷാഫലം തടഞ്ഞു വയ്ക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഫീസ് ഒടുക്കാനാകാതെ എറണാകുളം ജില്ലയിലെ ആലങ്ങാട് ജമാ-അത്ത് പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ തുടര്‍പഠനം മുടങ്ങുകയും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആധാര്‍ നമ്പര്‍ സ്‌കൂളില്‍ നിന്ന് നീക്കം ചെയ്യാതെ സ്‌കൂള്‍ അധികൃതര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചു വയ്ക്കുകയും ചെയ്തു എന്ന പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്. ആദ്യവര്‍ഷങ്ങളില്‍ സ്‌കൂളിലെ ബെസ്റ്റ് സ്റ്റുഡന്റ് ആയിരുന്ന തന്റെ മകന്‍ ഇതോടെ മാനസികമായി തകര്‍ന്നതായി കുട്ടിയുടെ പിതാവ് ബോധിപ്പിച്ചു.

പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നത് വരെ ഡീപ്രൊമോട്ട് ചെയ്യുന്നത് അനുവദിക്കരുതെന്നും കമ്മീഷന്‍ അംഗം കെ. നസീര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, സി.ബി.എസ്.ഇ മേഖല ഓഫീസര്‍ എന്നിവര്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്.

നിലവിലെ മാനദണ്ഡങ്ങള്‍ക്കും കൊവിഡ് മഹാമാരി കാലത്ത് വിവിധ കോടതികള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ക്കും വിധേയമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫീസ് ഈടാക്കാവുന്നതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ ഫീസ് കുടിശ്ശിക ഉണ്ടെന്ന കാരണത്താല്‍ അധ്യയനവര്‍ഷം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്താതിരിക്കുന്നതും പരീക്ഷാഫലം തടഞ്ഞു വയ്ക്കുന്നതും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതുവരെ പ്രമോട്ട് ചെയ്യാതിരിക്കുന്നതും ബാലാവകാശ ലംഘനവും 2009 ലെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരും ആണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.