പീഡനപ്പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം: മന്ത്രി ശശീന്ദ്രന് സിപിഎം പിന്തുണയെന്ന് സൂചന

Update: 2021-07-21 06:24 GMT

തിരുവനന്തപുരം: പീഡനപ്പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മന്ത്രി എ കെ ശശീന്ദ്രന് സിപിഎം പിന്തുണയെന്ന് സൂചന. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പുറത്തുവന്ന ഉടന്‍ ശശീന്ദ്രന്‍ രാജിയില്ലെന്ന് വ്യക്തിമാക്കിയതാണ് അത്തരമൊരു സംശയത്തിന് ഇടവരുത്തിയത്. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിന്തുണ വാഗ്ദാനം ചെയ്യാതെ ശശീന്ദ്രന്‍ ഉറപ്പിച്ച് രാജിയില്ലെന്ന് പ്രഖ്യാപിക്കില്ലെന്നാണ് വിലയിരുത്തല്‍. വിവിധ മാധ്യമങ്ങളും ഇതേ നിഗമനത്തിലാണ് എത്തിയത്.

ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍ സ്വമേധയാ മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ വച്ച് കാണുകയായിരുന്നു.

പീഡനപ്പരാതി ഉന്നയിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇടത് പ്രമുഖരോ സിപിഎം പ്രവര്‍ത്തരോ രംഗത്തുവരാത്തതും സിപിഎമ്മിന്റെ നിലപാടിന്റെ സൂചനയായി കാണാം. സിപിഎമ്മുമായി ബന്ധപ്പെട്ട നേതാക്കളോ സിപിഎം നേതൃത്വം ഔദ്യോഗികമായോ ഇക്കാര്യത്തില്‍ പ്രതികരണം പുറത്തുവിട്ടിട്ടില്ല.

മന്ത്രിയെന്ന നിലയില്‍ കടുപ്പിച്ച് പറഞ്ഞതല്ലെന്നും രണ്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമാണ് മന്ത്രിയുടെ നീക്കമെന്നുമായിരിക്കും സിപിഎം എടുക്കാന്‍ സാധ്യതയുള്ള നയം. സ്വന്തം പാര്‍ട്ടിയില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും പാര്‍ട്ടി അന്വേഷിക്കുമെന്ന നിലപാടാണ് സിപിഎം എടുക്കുക പതിവ്. ഇത് മുന്‍കാലത്തും വിവാദമുണ്ടാക്കിയിട്ടുണ്ട്. ശശീന്ദ്രന്റെ കാര്യത്തിലും ഇതുതന്നെ നടക്കാനാണ് സാധ്യത.

പരാതി പിന്‍വലിക്കാനല്ല ആവശ്യപ്പെട്ടതെന്നും പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഫോണില്‍ സംസാരിച്ചതെന്നുമാണ് മന്ത്രിയുടെയും വിശദീകരണം.

ശശീന്ദ്രനെ ന്യായീകരിച്ച് പി സി ചാക്കോ രംഗത്തുവന്നിട്ടുണ്ട്. 

ലൈംഗിക പീഡന കേസില്‍ എന്‍സിപി നേതാവ് ജി പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരെ കുണ്ടറ പൊലിസ് കേസെടുത്തു. പരാതി ലഭിച്ച് 22 ദിവസത്തിന് ശേഷമാണ് പൊലിസിന്റെ നടപടി. മന്ത്രി എ കെ ശശീന്ദ്രന്‍ വിഷത്തില്‍ ഇടപെട്ടത് വിവാദമായതോടെയാണ് പൊലിസ് കേസെടുത്തത്.

പത്മാകരനെതിരെ സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകളും രാജീവിനെതിരെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായാണ് ആരോപണം ഉയര്‍ന്നത്. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. മന്ത്രി നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു.

Similar News