വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സാ പിഴവ് ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്കെതിരേ ഉയര്‍ന്ന ചികില്‍സാ പിഴവില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ശ്വാസ തടസത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ ബിസ്മീര്‍ ശ്വാസതടസ്സം മൂലം ആശുപത്രി വരാന്തയില്‍ ഇരിക്കുന്നതും ആരും അങ്ങോട്ടേക്കൊന്നു കടന്നുവരാത്തതും ദൃശ്യങ്ങളില്‍ കാണാം. ഏകദേശം പത്തുമിനിറ്റോളം അദ്ദേഹത്തിന് അവിടെ ചികില്‍സ കിട്ടാതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. ബന്ധുക്കള്‍ തന്നെയാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതും പുറത്തുകൊണ്ടുവന്നതും.
വിളപ്പില്‍ശാല കൊല്ലംകൊണം സ്വദേശി ബിസ്മീര്‍(37)ആണ് മതിയായ ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച മരണപ്പെട്ടത്.സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്മിര്‍.
തിരുവനന്തപുരം വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെയാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച രോഗിക്ക് ജീവനക്കാര്‍ ഗേറ്റ് തുറന്നു നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ചികില്‍സ വൈകിയതിനാലാണ് യുവാവ് മരിച്ചെതെന്നാണ് ആരോപണം. ശ്വാസതടസവുമായി പുലര്‍ച്ചെ ഒരു മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സ വൈകിയെന്നാണ് ആരോപണം. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ബിസ്മീര്‍ മരണപ്പെട്ടു.