തൃശൂരിലും വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ഗൗരവതരം; സമഗ്രാന്വേഷണം വേണം: സിപിഎ ലത്തീഫ്

Update: 2025-08-09 09:22 GMT

തിരുവനന്തപുരം: 2024 ലെ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോകസഭ മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നെന്ന ഇടതുസ്ഥാനാര്‍ഥി വി എസ് സുനില്‍കുമാറിന്റെ പരാതി ഗൗരവതരമാണെന്നും സമഗ്രാന്വേഷണം നടത്തണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ജനാധിപത്യത്തിന്റെ നിലനില്‍പ്പു തന്നെ സുതാര്യവും സത്യസന്ധവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനില്‍ക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായിരിക്കുന്നത്.

രാജ്യഭൂരിപക്ഷത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തിയും സമ്പദ്ഘടനയുടെ അടിവേരറുത്തും മുന്നോട്ടുപോകുന്ന ബിജെപി എങ്ങിനെ എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുന്നു എന്ന ആശങ്ക മുമ്പു തന്നെ പലരും ഉന്നയിച്ചിരുന്നു. ഇവിഎം തട്ടിപ്പുള്‍പ്പെടെ പലതും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പൗരസമൂഹത്തിന്റെ ആശങ്ക സ്ഥിരീകരിച്ചാണ് ഓരോ വെളിപ്പെടുത്തലുകളും പുറത്തുവരുന്നത്. ഈ പശ്ചാത്തലത്തില്‍ സുനില്‍ കുമാറിന്റെ പരാതിയിലും കഴമ്പുണ്ട്. തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ യുഡിഎഫും എല്‍ഡിഎഫും വോട്ടര്‍മാരുടെ എണ്ണം സംബന്ധിച്ച സംശയം ഉന്നയിച്ചിരുന്നു. ഈ സംശയം ദൂരീകരിക്കുന്നതിന് കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Tags: